Friday, May 17, 2024
keralaNews

മിനിമം ചാര്‍ജ് 12 രൂപയാക്കുക കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക; ബസ് ഉടമകളുമായി മന്ത്രി ആന്റണി രാജു ചര്‍ച്ച ഇന്ന്

സംസ്ഥാനത്ത് ബസ് ചാര്‍ജ് ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം നാലരയ്ക്ക് തിരുവനന്തപുരത്ത് വെച്ചാണ് ചര്‍ച്ച നടക്കുക. ബസ് നിരക്ക് വര്‍ദ്ധനവ് കഴിഞ്ഞ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക, കൊറോണ കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ആവശ്യങ്ങളില്‍ ഉടന്‍ പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.അതേസമയം വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനം ഉണ്ടാകൂ. ബസ് ഉടമകള്‍ ഉന്നയിച്ച എല്ലാ പ്രശ്നങ്ങള്‍ക്കും പത്ത് ദിവസത്തിനുള്ളില്‍ പരിഹാരം കാണുമെന്നാണ് ഗതാഗത മന്ത്രി ഉറപ്പ് നല്‍കിയിരിക്കുന്നത്. 2018ലാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. എട്ട് രൂപയായാണ് ഉയര്‍ത്തിയത്. അന്ന് ഡീസലിന് 63 രൂപയായിരുന്നു. ഇപ്പോള്‍ ഡീസല്‍ വില 95 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജും വിദ്യാര്‍ത്ഥികളുടെ നിരക്കും ഉയര്‍ത്താതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.