Friday, May 17, 2024
indiaNews

ആധാര്‍ ഫോട്ടോകോപ്പി കൈമാറരുത് മുന്നറിയിപ്പുമായി യു.ഐ.ഡി.എ.ഐ

ന്യൂഡല്‍ഹി: ആധാറിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനത്തിനും കൈമാറരുത്. അത് ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത ഏറെയാണെന്നുള്ള മുന്നറിയിപ്പുമായി യു.ഐ.ഡി.എ.ഐ. ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി യുണീക് ഐഡന്റിഫിക്കേഷണ്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.

ആധാര്‍ വിവരങ്ങള്‍ മറ്റാരുമായി പങ്കിടരുതെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അനിവാര്യമാണെങ്കില്‍ യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക സൈറ്റായhttps://myaadhaar.uidai.gov.in. ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആധാര്‍ നമ്പറിന്റെ അവസാനത്തെ നാലു അക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന മാസ്‌ക് ചെയ്ത ആധാര്‍ പകര്‍പ്പ് ഉപയോഗിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

യു.ഐ.ഡി.എ.ഐയില്‍ നിന്ന് യൂസര്‍ ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ വ്യക്തിയുടെ ഐഡന്റിറ്റി സ്ഥാപിക്കാന്‍ ആധാര്‍ ഉപയോഗിക്കാന്‍ കഴിയൂ. ഹോട്ടലുകളോ സിനിമാ ഹാളുകളോ പോലുള്ള ലൈസന്‍സില്ലാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ ശേഖരിക്കാനോ സൂക്ഷിക്കാനോ അനുവാദമില്ല. ഇങ്ങനെ ചെയ്യുന്നത് ആധാര്‍ നിയമം 2016 പ്രകാരം കുറ്റകരമാണ്.

ഏതെങ്കിലും ഒരു സ്വകാര്യസ്ഥാപനം നിങ്ങളുടെ ആധാര്‍ കാര്‍ഡ് കാണണമെന്നോ ഫോട്ടോകോപ്പിയോ ആവശ്യപ്പെടുകയാണെങ്കില്‍ അവര്‍ക്ക് യു.ഐ.ഡി.എ.ഐയില്‍ നിന്നുള്ള അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇന്റര്‍നെറ്റ് കഫേകളിലെ പൊതു കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. നിലവിലുള്ള ഏത് ആധാര്‍ നമ്പറും  https://myaadhaar.uidai.gov.in/verifyAadhaar എന്ന സൈറ്റില്‍ നിന്നും പരിശോധിക്കാം. ഓഫ്‌ലൈനായി പരിശോധിക്കാനാണെങ്കില്‍ മൊബൈലിലെ എംആധാര്‍ ആപ്പില്‍ ക്യൂ.ആര്‍ കോഡ് സ്‌കാനര്‍ വഴിവഴി ഇ-ആധാര്‍ അല്ലെങ്കില്‍ ആധാര്‍ കത്ത് അല്ലെങ്കില്‍ ആധാര്‍ പി.വി.സികാര്‍ഡ് എന്നിവ സ്‌കാന്‍ ചെയ്താല്‍ മതിയാകുമെന്നും അതോറിറ്റി അറിയിച്ചു.