Wednesday, May 22, 2024
keralaNewsUncategorized

സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെയെത്തി ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെയെത്തി. ജാഗ്രതാ നിര്‍ദ്ദേശം. സാധാരണത്തേതിലും മൂന്ന് ദിവസം മുന്‍പാണ് കാലവര്‍ഷം എത്തിയ സാഹചര്യത്തില്‍ ഇന്ന് മുതല്‍ പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തിന്റെ തെക്കന്‍ മേഖലകളിലാണ് കാലവര്‍ഷം എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍വരെ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് പൂര്‍ണമായും, തമിഴ്നാടിന്റെ തെക്ക് ഭാഗത്തും കാലവര്‍ഷം എത്തും.

നേരത്തെ കാലവര്‍ഷം എത്തിയെങ്കിലും ആരംഭത്തില്‍ ദുര്‍ബലമായിരിക്കും. ജൂണ്‍ ആദ്യവാരത്തിന് ശേഷമേ ശക്തി പ്രാപിക്കുകയുള്ളൂവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നേരത്തെ തന്നെ കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴ ആരംഭിച്ചിരുന്നുവെങ്കിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത് ഇപ്പോഴാണ്.

മെയ് 17 ന് ആന്‍ഡമാനില്‍ കാലവര്‍ഷം എത്തിയിരുന്നു. സാധാരണ ഗതിയില്‍ 10 ദിവസത്തിനുള്ളിലാണ് കാലവര്‍ഷം കേരളത്തില്‍ എത്തുക. ഈ സാഹചര്യത്തില്‍ 27 ന് കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കാറ്റിന്റെ വേഗതയില്‍ ഉള്‍പ്പെടെയുണ്ടായ വ്യതിയാനങ്ങള്‍ കാലാവസ്ഥയുടെ വേഗം കുറച്ച്. ഇപ്പോള്‍ 12 ദിവസങ്ങള്‍ക്ക് ശേഷമാണ് കാലവര്‍ഷം എത്തിയത്.

കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീര മേഖലകളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.