Sunday, May 19, 2024
keralaNewsObituary

ആദ്യം മകള്‍ക്കും പിന്നാലെ അമ്മയ്ക്കും വീട്ട് മുറ്റത്ത് ചിതയൊരുങ്ങി

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലഭ്യമാകാതെ വന്നതോടെ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മരണത്തിന്റെ ആഘാതം താങ്ങാനാകാതെ അമ്മയും മരിച്ചു. തൃശൂര്‍ മതിലകത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. മതിലകം വെസ്റ്റ് തോട്ടപ്പുറത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രീതി(49)യും മകള്‍ ഉണ്ണിമായയും(27) ആണ് മരിച്ചത്.                                                                                                  ഇരുവരും മരിച്ചത് ഒരേരാത്രിയിലാണ്. ഹൃദയ വാല്‍വ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു ഉണ്ണിമായ. ശ്വാസതടസം അനുഭവപ്പെടുമ്‌ബോള്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ കോണ്‍സട്രേറ്റിന്റെ സഹായത്തോടെയാണ് ഉണ്ണിമായ ജീവിതം മുന്നോട്ട് കൊണ്ടുപോയത്.
വെള്ളിയാഴ്ച രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ചു. ഓക്‌സിജന്‍ കോണ്‍സട്രേറ്റ് പ്രവര്‍ത്തിക്കാതെ വന്നത് വീട്ടുകാരെ ബുദ്ധിമുട്ടിച്ചു. ഇതിനിടെ ഉണ്ണിമായയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഒടുവില്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. മകളുടെ ചേതനയറ്റ മൃതദേഹം കാണേണ്ടി വന്നതോടെ പ്രിയയും കുഴഞ്ഞുവീണു. ഉണ്ണിമായയുടെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സില്‍ തന്നെ പ്രിയയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, ആശുപത്രിയില്‍ എത്തും മുന്‍പേ പ്രിയയും മരണപ്പെട്ടു. വീട്ടുമുറ്റത്ത് ആദ്യം മകള്‍ക്ക് വേണ്ടിയും പിന്നാലെ അമ്മയ്ക്കും ചിതയൊരുങ്ങി.