Saturday, May 4, 2024
keralaNews

ആകാശപ്പാതയുടെ ബലം പരിശോധന: കോട്ടയത്ത് നാളെ മുതല്‍ ഗതാഗത നിയന്ത്രണം

കോട്ടയം: ആകാശപ്പാതയുടെ ബലം പരിശോധനയുടെ ഭാഗമായി കോട്ടയം നഗരത്തില്‍ നാളെ മുതല്‍ 4 ദിവസം രാത്രിയില്‍ ഗതാഗത നിയന്ത്രണം.19, 20, 21, 22 തീയതികളില്‍ രാത്രി 10 മുതല്‍ രാവിലെ 6 മണി വരെയാണ് കിറ്റ്‌കോയുടെ നേതൃത്വത്തില്‍ പരിശോധന നിശ്ചയിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ബല പരിശോധന നടക്കുന്നത്. ഗതാഗതക്കുരുക്കിന് ഇടവരുത്താതെ രാത്രി സമയത്ത് നിലവിലെ നിര്‍മാണങ്ങളുടെ ഉറപ്പ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.                                                                                              ഈ റിപ്പോര്‍ട്ട് അനുസരിച്ചാകും ആകാശപാത പദ്ധതി തുടരണോ, അതോ പൊളിച്ച് നീക്കണോ എന്ന് കോടതി നിര്‍ദ്ദേശിക്കുന്നത്.രാത്രി 10 PM –  6 AM വരെയുള്ള കോട്ടയം പട്ടണത്തിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ …….

തിരുവനന്തപുരം ഭാഗത്ത് നിന്ന് ഏറ്റുമാനൂരിലേക്കുള്ള ഭാര വാഹനങ്ങള്‍ നാട്ടകം സിമന്റ് കവലയില്‍ നിന്ന് തിരിഞ്ഞ് പാറേച്ചാല്‍ ബൈപാസ് വഴി തിരുവാതുക്കല്‍, കുരിശുപള്ളി, അറത്തൂട്ടി, ചാലുകുന്ന് വഴി പോകണം.കെ.കെ. റോഡിലൂടെ ഏറ്റുമാനൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കലക്ടറേറ്റ് ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് ശാസ്ത്രി റോഡ് വഴി, ടി.എം.എസ് ജംങ്ഷനിലെത്തി സിയേഴ്‌സ് ജങ്ഷന്‍ വഴി പോകാം. ഏറ്റുമാനൂര്‍ ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ഭാരവാഹനങ്ങള്‍ നാഗമ്പടം സിയേഴ് ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് ടി.എം.എസ് ജങ്ഷനിലെത്തി, ഗുഡ് വില്‍ വഴിയും പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.