Friday, May 17, 2024
keralaNews

അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല; തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും രംഗത്ത്

തൃശ്ശൂര്‍: നഗരസഭാധ്യക്ഷനായ തനിക്ക് വേണ്ടത്ര പരിഗണനയില്ലെന്ന ആവലാതിയുമായി തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും രംഗത്ത്. ബോര്‍ഡിലെ ഫോട്ടോ ചെറുതായിപ്പോയെന്ന കാരണം പറഞ്ഞ് സ്‌കൂളിലെ ചടങ്ങ് ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് തൃശ്ശൂര്‍ മേയറുടെ പരാതി. വിജയദിനാചരണവുമായി ബന്ധപ്പെട്ട് പൂങ്കുന്നം ഗവ. സ്‌കൂളില്‍ വച്ച ഫ്‌ലക്‌സില്‍ തന്റെ ചിത്രം ചെറുതാക്കി വയ്ക്കുകയും, എംഎല്‍എ പി ബാലചന്ദ്രന്റെ ചിത്രം വലുതാക്കി വയ്ക്കുകയും ചെയ്തതാണ് മേയറെ ശുണ്ഠി പിടിപ്പിച്ചത്. നേരത്തേ പൊലീസ് സല്യൂട്ടിന്റെ പേരില്‍ മേയര്‍ പ്രതികരിച്ചത് വലിയ വിവാദമായിരുന്നു. തനിക്ക് കോര്‍പ്പറേഷന്‍ പരിധിയിലുള്ള പരിപാടികളില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞു. സ്‌കൂളിലെ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോന്നത് പ്രോട്ടോക്കോള്‍ ലംഘനം മൂലമാണ്. അര്‍ഹമായ പരിഗണന പല ചടങ്ങുകളിലും തനിക്ക് കിട്ടാറില്ല. നഗരസഭാദ്ധ്യക്ഷനായ തനിക്ക് പ്രോട്ടോക്കോള്‍ പ്രകാരം എംഎല്‍എയ്ക്കും എംപിയ്ക്കും മുകളിലാണ് സ്ഥാനം. എന്നാല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ചടങ്ങുകളില്‍ തന്നെ അധ്യക്ഷനാക്കാതെ മുഖ്യാതിഥിയായി ഒതുക്കും. മിക്ക പരിപാടികളിലും പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്നും എം കെ വര്‍ഗീസ് ആരോപിക്കുന്നു.