Tuesday, May 7, 2024
Local NewsNews

അയ്യപ്പ ഭക്തരോടുള്ള അവഗണന; എരുമേലിയില്‍ ദേവസ്വം കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

എരുമേലി: ശബരിമല തീര്‍ത്ഥാടകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെയും – ദേവസ്വം ബോര്‍ഡിന്റെയും അവഗണനയില്‍ പ്രതിഷേധിച്ച് ശബരിമല അയ്യപ്പ സേവാ സമാജം കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ എരുമേലി ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ആഫീസിലേക്ക് പ്രധിഷേധ നാമജപ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.  എരുമേലി കൊച്ചമ്പലത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് വലിയ അമ്പലത്തിന്റെ ഗോപുരത്തിങ്കല്‍ പോലീസ് തടഞ്ഞു . വിവിധ ഹൈന്ദവ സംഘടന നേതാക്കള്‍ പങ്കെടുത്തു. എരുമേലിയില്‍ പാര്‍ക്കിംഗ് ഫീസ്, ശൗചാലയം എന്നിവടങ്ങളില്‍ അയ്യപ്പ ഭക്തരില്‍ നിന്നും അമിതമായി തുക ഈടാക്കുന്നുവെന്ന വ്യാപകമായ പരാതിയെ തുടര്‍ന്നാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ ബിജെപി നേതാക്കളും – വിവിധ ഹൈന്ദവ സംഘടന പ്രതിനിധികളുടേയും നേതൃത്വത്തിലുള്ള ഉന്നത സംഘം ശബരിമല മുതല്‍ എരുമേലി വരെ സന്ദര്‍ശനം നടത്തിയിരുന്നു . എരുമേലിയില്‍ പേട്ട തുള്ളല്‍ മുതല്‍ ശൗചാലയം വരെ കൊള്ളയാണ് നടക്കുന്നതെന്നും നേതാക്കള്‍ ശക്തമായി പ്രതികരിച്ചിരുന്നു . ഇതേ തുടര്‍ന്നാണ് എരുമേലിയില്‍ ഇന്ന് രാവിലെ പ്രതിഷേധ ജപ മാര്‍ച്ചും ധര്‍ണയും നടത്തിയത്.                                            തുടര്‍ന്ന് എരുമേലി ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ക്ക് നിവേദനവും നല്‍കി. സ്വാമി സത് സ്വരൂപാനന്ദ സരസ്വതി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യ വേദി സംസ്ഥാന വൈസ് പ്രസിഡന്റ് അനിത, ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, അയ്യപ്പ സേവാ സംഘം എരുമേലി ശാഖാ പ്രസിഡന്റ് അനിയന്‍ എരുമേലി, സേവ സമാജം താലൂക്ക് പ്രസിഡന്റ്  റ്റി. അശോക് കുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ സംഘടന സെക്രട്ടറി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു .