Thursday, May 2, 2024
keralaNews

കോവിഡിലും ലോട്ടറി വില്‍പന മുന്നേറുന്നു;അച്ചടിച്ച 1.20 കോടി ടിക്കറ്റും വിറ്റു….

കേരള ഭാഗ്യക്കുറി വില്‍പന മുന്നേറുന്നു. തിങ്കളാഴ്ച നറുക്കെടുക്കുന്ന വിന്‍വിന്‍ W 591 ഭാഗ്യക്കുറിയുടെ അച്ചടിച്ച 1,00,20,000 ടിക്കറ്റുകളും ശനിയാഴ്ച ഉച്ചയോടെ ഓഫിസുകളില്‍നിന്നും വിറ്റഴിഞ്ഞു. കേരള ഭാഗ്യക്കുറി പ്രതിവാര ടിക്കറ്റ് വില 40 രൂപയായി ഏകീകരിച്ച ശേഷം ആദ്യമായാണ് ഒരു ടിക്കറ്റ് വില്‍പന ഒരു കോടി കടക്കുന്നത്.

നേരത്തെ 30 രൂപ വിലയുള്ള ടിക്കറ്റുകള്‍ ഒരു കോടി എട്ടു ലക്ഷം വരെ വിറ്റു പോയിട്ടുണ്ട്. 2020 ജനുവരി – ഫെബ്രുവരി കാലത്തായിരുന്നു ഇത്. രാജ്യത്തു തന്നെ ഏതെങ്കിലും സംസ്ഥാന ഭാഗ്യക്കുറി ഈ നേട്ടം തുടരെ കൈവരിച്ചിട്ടുണ്ടാകാന്‍ സാധ്യതയില്ലെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 40 രൂപ വിലയുള്ള ഒരു കോടി ഇരുപതിനായിരം ടിക്കറ്റുകള്‍ വില്‍ക്കുന്നതിലൂടെ സമ്മാനമായി ഏകദേശം 23.5 കോടി രൂപ വിതരണം ചെയ്യും. പുറമെ 28% ജിഎസ്ടി നികുതി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഖജനാവുകളിലേക്കും എത്തും.

ബാക്കി ഏജന്റ് കമ്മിഷന്‍, ലാഭം തുടങ്ങിയവയാണ്. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 23 മുതല്‍ രണ്ടു മാസത്തോളം ടിക്കറ്റുകള്‍ റദ്ദാക്കുകയും ഏതാനും നറുക്കെടുപ്പുകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജൂലൈയില്‍ പുനഃരാരംഭിച്ച ഭാഗ്യക്കുറി ഇപ്പോള്‍ ആഴ്ചയില്‍ 3 നറുക്കെടുപ്പാണ് നടത്തുന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ വന്നപ്പോള്‍ ഭാഗ്യക്കുറികള്‍ ഓരോന്നും മൊത്തം 48 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചു കൊണ്ടാണ് പുനഃരാരംഭിച്ചത്.

ഇതില്‍നിന്നു വകുപ്പിന് വലിയ നേട്ടം ഉണ്ടായില്ലെങ്കിലും ഭാഗ്യക്കുറി മേഖലയില്‍ നില്‍ക്കുന്നവരെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കുവാന്‍ കഴിഞ്ഞു. തുടര്‍ന്ന് ക്രമാനുഗതമായി ടിക്കറ്റ് വില്‍പന 60, 72, 78, 90 ലക്ഷം, ഒരു കോടി എന്ന നിലയില്‍ വര്‍ധിക്കുകയായിരുന്നു. കച്ചവടം പുനഃരാരംഭിക്കുവാന്‍ വില്‍പനക്കാര്‍ക്കു സഹായം നല്‍കിയതും പ്രതിവാര ടിക്കറ്റ് വില 40 രൂപയായി ഏകീകരിച്ചതും ഈ വര്‍ധനയ്ക്ക് ഗുണം ചെയ്തു.

ഈ നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ആഴ്ചയില്‍ 3 ഭാഗ്യക്കുറി നറുക്കെടുപ്പ് എന്നുള്ളത് ഡിസംബര്‍ 1 മുതല്‍ ആഴ്ചയില്‍ 5 ആക്കി വര്‍ധിപ്പിക്കും. തിങ്കള്‍- വിന്‍ വിന്‍, ചൊവ്വ – സ്ത്രീശക്തി, ബുധന്‍ – അക്ഷയ, വെള്ളി – നിര്‍മല്‍, ശനി – കാരുണ്യ എന്നീ ലോട്ടറികള്‍ നറുക്കെടുക്കും. ഇതിനൊപ്പം എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുക്കുന്ന ഒന്നാം സമ്മാനം ഒരു കോടി വീതം അഞ്ചു പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യമിത്ര, ജനുവരി 17ന് നറുക്കെടുക്കുന്ന 12 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്മസ് – പുതുവത്സര ബമ്പര്‍ എന്നീ ടിക്കറ്റുകളും വിപണിയിലുണ്ടാകും.