Monday, May 6, 2024
indiaNews

അയോദ്ധ്യയില്‍ ഇന്ന് യുഗാരംഭമാണ്: പ്രധാനമന്ത്രി

അയോദ്ധ്യ ‘ഇന്ന് നമ്മുടെ രാമന്‍ എത്തിയിരിക്കുകയാണ്. നീണ്ട തപസ്യക്കൊടുവില്‍ നമ്മുടെ രാമന്‍ എത്തിയിരിക്കുന്നു.. നീണ്ടകാലത്തെ ബലിദാനങ്ങള്‍ക്കും – ത്യാഗങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം ഇന്ന് നമ്മുടെ രാമന്‍ എത്തിയിരിക്കുകയാണ്. നമ്മുടെ രാംലല്ല ഇപ്പോള്‍ ടെന്റിനകത്തല്ല. നമ്മുടെ രാംലല്ല ഭവ്യമന്ദിരത്തിലാണ്. ഏറെ വൈകാരികമായ നിമിഷമാണിത്. പുതിയകാലഘട്ടത്തിന്റെ ഉദയം.. പുതിയ ഇതിഹാസം ഇവിടെ കുറിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ  പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങളിലേക്ക്.   അയോദ്ധ്യാ ശ്രീരാമജന്മഭൂമിയില്‍ സ്വാഭിമാനം വീണ്ടെടുക്കപ്പെട്ടുകഴിഞ്ഞു. രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായയതിന് ശേഷം വിശിഷ്ടാതിഥികളെ അഭിസംബോധന ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാണപ്രതിഷ്ഠാ ദിനം ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷവും സ്മരിക്കപ്പെടും. ജനുവരി 22ന്റെ സൂര്യോദയം രാജ്യത്തിന് അതിമനോഹരമായ പ്രഭയാണ് ചൊരിഞ്ഞിരിക്കുന്നത്. 2024 ജനുവരി 22 എന്ന ദിനം കലണ്ടറിലെ വെറുമൊരു തീയതിയല്ല, പുതിയ കാലചക്രത്തിന്റെ തുടക്കമാണ്.ഭഗവാന്‍ ശ്രീരാമനോട് ഈയവസരത്തില്‍ ഞാന്‍ ക്ഷമാപണം നടത്തുകയാണ്. നമ്മുടെ ശ്രമങ്ങളില്‍ ചെറിയ പോരായ്മകള്‍ സംഭവിച്ചിരിക്കാം.. ഭവ്യമന്ദിരം യാഥാര്‍ത്ഥ്യമാകാന്‍ നൂറ്റാണ്ടുകള്‍ വേണ്ടിവന്നു. ഒടുവില്‍ ഇന്നത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.                                                                               ക്ഷേത്രനിര്‍മ്മാണത്തിന് വര്‍ഷങ്ങളെടുത്തതിന് ഭഗവാന്‍ നമ്മോട് ക്ഷമിക്കുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിനായി ദശാബ്ദങ്ങളോളമായിരുന്നു നിയമപോരാട്ടം നടന്നത്. ഈയവസരത്തില്‍ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയോട് എന്റെ നന്ദിരേഖപ്പെടുത്താന്‍ ഞാനാഗ്രഹിക്കുകയാണ്. ത്രേതായുഗത്തില്‍ 14 വര്‍ഷമായിരുന്നു രാമന് മാറിനില്‍ക്കേണ്ടി വന്നത്. എന്നാല്‍ ഈ യുഗത്തില്‍ നൂറ്റാണ്ടുകളോളം രാമന് അയോദ്ധ്യയെ വേര്‍പിരിയേണ്ടി വന്നു. നമ്മുടെ അനേകം തലമുറകളായിരുന്നു അതിന് സാക്ഷ്യം വഹിച്ചത്.ശ്രീരാമപ്രഭുവിന്റെ ഭക്തര്‍ ഈ ചരിത്രനിമിഷത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിരിക്കുകയാണ്. ഈ രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ കോണിലുള്ള രാമഭക്തര്‍ ഈ പുണ്യമൂഹൂര്‍ത്തത്തെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുമെന്ന് എനിക്കുറപ്പുണ്ട്. സാഗരം മുതല്‍ സരയൂ വരെ യാത്ര ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചു. ഈ യാത്രയിലെല്ലാം രാമന്റെ തിരിച്ചുവരവിനായുള്ള ആഘോഷം എനിക്ക് നേരിട്ട് കാണാന്‍ കഴിഞ്ഞതാണ്..രാമന്‍ വിവാദമല്ല, സമാധാനമാണ്.. രാമന്‍ നീതിയാണ്, രാമന്‍ സ്ഥായിയാണ്, രാമന്‍ വിശ്വമാണ്.. ഭാരതത്തെ നയിക്കാന്‍ ഇനി അയോദ്ധ്യയില്‍ രാമനുണ്ട്. ഭാരതത്തിന്റെ വിശ്വാസമാണ് രാമന്‍. ഭാരതത്തിന്റെ നിയമവും അന്തസ്സും കീര്‍ത്തിയും പ്രഭയുമെല്ലാം രാമന്‍ തന്നെ.. രാമനാണ് നമ്മുടെ നേതാവ്.. രാമന്‍ ശാശ്വതമാണ്.. ശ്രീരാമചന്ദ്രന്‍ ഇവിടെ ആദരിക്കപ്പെടുമ്പോള്‍ വരാനിരിക്കുന്ന ആയിരമായിരം വര്‍ഷങ്ങള്‍ നാം അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്..