Wednesday, May 15, 2024
indiaNewsworld

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാന്‍ തുടങ്ങി

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഒഴിപ്പിക്കാന്‍ തുടങ്ങി ഇന്ത്യ. ഇതിന്റെ ആദ്യപടിയായി കാബൂള്‍ എംബസി അടച്ചു. അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട്. അല്‍പസമയം മുമ്പാണ് കാബൂളിലെ ഹമീദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 120 ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് 10 പേരെയും വഹിച്ചുള്ള വ്യോമസേനാ വിമാനം പറന്നുയര്‍ന്നത്. ഈ വിമാനത്തില്‍ എംബസിയിലെ നിര്‍ണായക രേഖകള്‍ അടങ്ങിയ ഫയലുകളും ഉണ്ട്. കാബൂളിലെ എല്ലാ എംബസി ഉദ്യോഗസ്ഥരെയും ഈ വിമാനത്തില്‍ മടക്കിക്കൊണ്ടുവരുന്നുണ്ടെന്നും, ഇനിയാരും കാബൂളില്‍ ബാക്കിയില്ലെന്നും ദില്ലി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അഫ്ഗാനില്‍ നിന്ന്, അഫ്ഗാന്‍ പൗരന്‍മാര്‍ അടക്കം അടിയന്തരമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി ഇലക്ട്രോണിക് വിസ സംവിധാനം കേന്ദ്രവിദേശകാര്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്.ഗുജറാത്തിലെ ജാം നഗറില്‍ നിന്നാണ് വ്യോമസേനാ വിമാനം കാബൂളിലേക്ക് പോയത്. 130 പേരെയും വഹിച്ചുള്ള വിമാനം അല്‍പസമയത്തിനകം ദില്ലിക്ക് 39 കി. മീ അകലെയുള്ള ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യും. ആദ്യം ജാം നഗറിലെത്തി ആളുകളെ ഇറക്കിയ ശേഷമാകും ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ എത്തുക.ഞായറാഴ്ച രാത്രിയോടെ കാബൂളിലെത്തിയ മറ്റൊരു വ്യോമസേനാ വിമാനം ഇന്നലെ രാത്രിയോടെ ദില്ലിയിലെത്തിയിരുന്നു. ഇറാന്‍ വ്യോമപാതയിലൂടെയാണ് വ്യോമസേനാ വിമാനം ഇന്ത്യയിലെത്തിയത്.അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് വരികയാണെന്നും, കാബൂള്‍ വിമാനത്താവളത്തിലെ യാത്രാവിമാനങ്ങള്‍ റദ്ദാക്കിയത് ഉദ്യോഗസ്ഥരെ അടക്കം തിരികെ കൊണ്ടുവരുന്നതിന് തടസ്സമായെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വിശദീകരിക്കുന്നു.ഒരു മാസത്തോളം നീണ്ട അധിനിവേശത്തിന് ശേഷം തിങ്കളാഴ്ചയാണ് കാബൂള്‍ താലിബാന്‍ കീഴടക്കിയത്. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കാറുകളിലും ഹെലികോപ്റ്ററുകളിലും നിറയെ പണവുമായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. കുടുംബസമേതം താജികിസ്ഥാനിലേക്കാണ് അഷ്‌റഫ് ഗനി പോയതെന്നാണ് സൂചന. താലിബാന്‍ നേതാവായ അബ്ദുള്‍ ഗനി ബരാദറാകും ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് പേര് മാറ്റിയ അഫ്ഗാനിസ്ഥാനിലെ പുതിയ പ്രസിഡന്റെന്നാണ് സൂചന.അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ അനുദിനം വഷളായി വരികയാണെന്ന് ഇന്നലെ കേന്ദ്രവിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്, എംബസി അടയ്ക്കാനും എല്ലാ ഉദ്യോഗസ്ഥരെയും തിരികെ കൊണ്ടുവരാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.അതേസമയം, അഫ്ഗാനില്‍ നിന്ന് ഇന്ത്യയ്ക്ക് സഹായം നല്‍കിയവരടക്കമുള്ള അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് വരാനായി കേന്ദ്രവിദേശകാര്യമന്ത്രാലയം ഇ – വിസ സമ്പ്രദായം ഏര്‍പ്പെടുത്തി. ഇതില്‍ ഇന്ത്യന്‍ പൗരന്‍മാരെയാകും പ്രഥമപരിഗണന നല്‍കി ആദ്യം കൊണ്ടുവരിക. അതിന് ശേഷം രാജ്യത്തേക്ക് വരാന്‍ താത്പര്യമുള്ള അഫ്ഗാന്‍ പൗരന്‍മാരെയും കൊണ്ടുവരും.”അഫ്ഗാനിലെ സിഖ്, ഹിന്ദു സമൂഹങ്ങളുമായി ഞങ്ങള്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അഫ്ഗാന്‍ വിട്ട് വരാന്‍ താത്പര്യമുള്ള എല്ലാവര്‍ക്കുമായി ഞങ്ങള്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും”, എന്ന് അരിന്ദം ബാഗ്ചി പറഞ്ഞു.ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്‍മാരാണ് കാബൂള്‍ വിമാനത്താവളത്തില്‍ താലിബാന്‍ കടന്നുകയറ്റത്തെത്തുടര്‍ന്ന് രാജ്യം വിട്ട് രക്ഷപ്പെടാനായി തിക്കും തിരക്കും കൂട്ടിയത്. ഏഴ് പേരാണ് ഈ തിരക്കിനിടയില്‍ വെടിവെപ്പിലും വിമാനത്തിനിടയില്‍പ്പെട്ട് ഞെരുങ്ങിയും മരിച്ചത്. വിമാനത്തിന്റെ അരികില്‍ തൂങ്ങിപ്പിടിച്ച് കയറാന്‍ ശ്രമിച്ച് താഴേയ്ക്ക് വീണ് മരിച്ചവരടക്കം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍ ലോകത്തിന് തീരാവേദനയായി.അതിനിടെ അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാന്‍ സെല്ല് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തുറന്നു. പ്രവാസികളുടെ പുനരധിവാസം കൈകാര്യം ചെയ്യുകയാണ് സെല്ലിന്റെ ലക്ഷ്യം. +919717785379 എന്ന ഫോണ്‍ നമ്പറിലും [email protected] എന്ന മെയില്‍ ഐഡിയിലും സഹായം ആവശ്യപ്പെടാം.