Monday, April 29, 2024
indiaNewsSports

അണ്ടര്‍-19 ഏകദിന ലോകകപ്പ് . അഭിനന്ദനവുമായി പ്രധാനമന്ത്രിയും ബിസിസിഐ


ആന്റിഗ്വ: അണ്ടര്‍-19 ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കീഴടക്കി കിരീടം നേടിയ ഇന്ത്യന്‍ യുവനിരയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇന്ത്യന്‍ യുവനിരയുടെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ടൂര്‍ണമെന്റുലടനീളം ടീം പുറത്തെടുത്ത പോരാട്ടവീര്യത്തെ അഭിനന്ദിച്ചു. ഇന്ത്യന്‍ യുവനിരയുടെ മികവ് കണക്കിലെടുത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിസുരക്ഷിത കരങ്ങളിലാണെന്ന് ഉറപ്പിക്കാമെന്നും പ്രധാനമന്ത്രി അഭിനന്ദന ട്വീറ്റില്‍ പറഞ്ഞു.

കിരീടം നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ വന്‍ പാരിതോഷികം പ്രഖ്യാപിച്ചു. ടീമിലെ ഓരോ അംഗത്തിനും 40 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. സപ്പോര്‍ട്ട് സ്റ്റാഫിന് 25 ലക്ഷം രൂപയും നല്‍കും. ഇന്ത്യന്‍ വിജയത്തിന് പിന്നാലെ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ടീം അംഗങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ ടീം കിരീടം നേടിയതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ ജയ് ഷാ, വിജയത്തില്‍ വിവിഎസ് ലക്ഷ്മണ്‍ വഹിച്ച പങ്കിനെയും പ്രകീര്‍ത്തിച്ചു. ഇന്നലെ വൈകിട്ട് നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ അണ്ടര്‍-19 ലോകകപ്പില്‍ അഞ്ചാം കിരീടം സ്വന്തമാക്കിയത്. അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഇന്ത്യ അഞ്ചാം കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ രാജ് ബാവയുടെ ഓള്‍ റൗണ്ട് മികവിലാണ് ഇന്ത്യയുടെ കൗമാരപ്പട കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യയുടെ സീനിയര്‍ ടീം ഏകദിന ക്രിക്കറ്റില്‍ 1000-ാമത്തെ മത്സരം കളിക്കുന്ന ദിവസം തന്നെയാണ് യുവ ഇന്ത്യ കിരീടധാരണമെന്നത് ഇരട്ടിമധുരമായി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ രാജ് ബാവയുടെയും രവി കുമാറിന്റെയും പേസ് മികവില്‍ 189 റണ്‍സില്‍ തളച്ച ഇന്ത്യ 47.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്താണ് കഴിഞ്ഞ തവണ ബംഗ്ലാദേശിന് മുന്നില്‍ കൈവിട്ട കിരീടം തിരിച്ചു പിടിച്ചത്. സ്‌കോര്‍ ഇംഗ്ലണ്ട്-44.5 ഓവറില്‍ 189ന് ഓള്‍ ഔട്ട്, ഇന്ത്യ47.4 ഓവറില്‍ 195-6.