Monday, April 29, 2024
keralaNews

അടിയന്തര പ്രമേയ നോട്ടിസ് ചര്‍ച്ച ചെയ്യുന്നതിനിടെ ക്ഷുഭിതനായി പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസ് ചര്‍ച്ച ചെയ്യുന്നതിനിടെ ക്ഷുഭിതനായി പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുദീര്‍ഘമായ മറുപടിയില്‍ ഏറിയ പങ്കും ശാന്തനായി കാണപ്പെട്ട മുഖ്യമന്ത്രി, മകള്‍ വീണയ്ക്കെതിരെ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തിനു മറുപടി നല്‍കുമ്പോഴാണ് ക്ഷുഭിതനായത്. എങ്ങനെയും തട്ടിക്കളയാമെന്നാണ് കുഴല്‍നാടന്റെ വിചാരമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ”അതിനു വേറെ ആളെ നോക്കണം” മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രൈസ്വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സ് ഡയറക്ടര്‍ മെന്ററാണെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വിശേഷിപ്പിച്ചതായി മാത്യു കുഴല്‍നാടന്‍ ചര്‍ച്ചയ്ക്കിടെ ആരോപിച്ചിരുന്നു.പച്ചക്കള്ളമാണ് കുഴല്‍നാടന്‍ പറയുന്നതെന്നും പിഡബ്ലിയുസി ഡയറക്ടറെ ഒരു ഘട്ടത്തിലും മെന്ററായി മകള്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ക്ഷോഭത്തോടെ പറഞ്ഞു. കുഴല്‍നാടനെതിരെ മുഖ്യമന്ത്രി നടത്തിയ ക്ഷുഭിത പരാമര്‍ശങ്ങള്‍ ഡെസ്‌കിലടിച്ചാണ് ഭരണകക്ഷി അംഗങ്ങള്‍ പിന്തുണച്ചത്. അതേസമയം, മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇടയ്ക്ക് പ്രതിപക്ഷാംഗങ്ങളും ശബ്ദമുയര്‍ത്തി പ്രതിഷേധിച്ചു .

മുഖ്യമന്ത്രിയുടെ മറുപടി വാക്കുകള്‍…

”ചര്‍ച്ചയ്ക്കിടെ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുപാടു പേര്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ മാത്യു കുഴല്‍നാടന്റെ പ്രസ്താവനയുണ്ട്. അദ്ദേഹത്തിന്റെ വിചാരം എങ്ങനെയും തട്ടിക്കളയാമെന്നാണ്. അതിനു വേറെ ആളെ നോക്കുന്നതാണ് നല്ലത്.എന്താ നിങ്ങള്‍ വിചാരിച്ചത്? മകളെക്കുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങിപ്പോകുമെന്നോ? പച്ചക്കള്ളമാണ് നിങ്ങള്‍ ഇവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരു വ്യക്തിയെയും എന്റെ മകളുടെ മെന്ററായിട്ട് ആ മകള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഇങ്ങനെ സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുക? എന്തും പറയാം എന്നുള്ളതാണോ? അത്തരം കാര്യങ്ങള്‍ മനസ്സില്‍ വച്ചാല്‍ മതി.(പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചപ്പോള്‍ ‘അതൊക്കെ മനസ്സില്‍ വച്ചാല്‍ മതി’യെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി)

ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി എന്തും പറയാമെന്ന സ്ഥിതിയുണ്ടാകരുത്. (പ്രതിപക്ഷം ബഹളം വച്ചപ്പോള്‍ അവരോടായി) എന്തു പറയാന്‍? അസംബന്ധങ്ങള്‍ വിളിച്ചുപറഞ്ഞ് വീണ്ടും അസംബന്ധങ്ങള്‍ ആവര്‍ത്തിക്കാനാണോ? അതിനാണോ ശ്രമിക്കേണ്ടത്? അതാണോ ചെയ്യേണ്ടത്? വേണ്ടാത്ത കാര്യങ്ങള്‍ പറയാനാണോ ഈ സഭാവേദി ഉപയോഗിക്കേണ്ടത്? രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് എന്താണോ പറയാനുള്ളത് അതു പറയണം. ഞങ്ങളുടെ ഭാഗത്തുനിന്ന് തെറ്റുകളുണ്ടെങ്കില്‍ അതു പറയണം. വീട്ടില്‍ കഴിയുന്നവരെ വിളിച്ച് ആക്ഷേപിക്കുന്ന നിലയാണോ എടുക്കേണ്ടത്? അതാണോ സംസ്‌കാരം? അത്തരം കാര്യങ്ങളുമായിട്ടല്ല മുന്നോട്ടു പോകേണ്ടത്. അതാണ് എനിക്ക് പറയാനുള്ളത്.”

.