Tuesday, May 14, 2024
Newsworld

ബ്രിട്ടീഷ് വിമാനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി റഷ്യ.

മോസ്‌കോ: ബ്രിട്ടീഷ് വിമാനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി റഷ്യ. റഷ്യയുടെ വിമാനത്താവളങ്ങളിലേക്ക് വരുന്ന യുകെയില്‍ നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും ഇതോടെ നിര്‍ത്തലാക്കി. യുകെ വ്യോമയാന മന്ത്രാലയത്തിന്റെ സൗഹൃദപരമല്ലാത്ത തീരുമാനങ്ങള്‍ക്കുള്ള മറുപടിയാണ് ഈ നീക്കമെന്ന് റഷ്യ പ്രതികരിച്ചു.റഷ്യയുടെ ദേശീയ വിമാന കമ്പനിയായ എയ്‌റോഫ്ളോട്ട് ബ്രിട്ടനില്‍ ഇറങ്ങുന്നതിനെ യുകെ വിലക്കിയിരുന്നു. മോസ്‌കോയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായിട്ടായിരുന്നു യുകെയുടെ നടപടി. സാധാരണയായി ലണ്ടനിലേക്കും മോസ്‌ക്കോയ്ക്കുമിടയില്‍ ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസുകളാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് നടത്തിയിരുന്നത്. സേവനങ്ങള്‍ റദ്ദാക്കിയ വിവരം ഉപഭോക്താക്കളെ അറിയിക്കുകയാണെന്നും ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കുമെന്നും ബ്രിട്ടീഷ് എയര്‍വേസ് വ്യക്തമാക്കി.ഉപഭോക്താക്കള്‍ക്ക് അസൗകര്യമുണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും എന്നാലിത് തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാര്യമാണെന്നും ബ്രിട്ടീഷ് എയര്‍ലൈന്‍ അറിയിച്ചു. അതേസമയം റഷ്യന്‍ സൈന്യം സൈനിക നീക്കം ആരംഭിച്ചതിനെ തുടര്‍ന്ന് യക്രെയ്നിന്റെ വ്യോമാതിര്‍ത്തി വ്യാഴാഴ്ച തന്നെ അടച്ചിരുന്നു.