Thursday, May 2, 2024
keralaNews

അച്ഛനെ കൊല്ലാന്‍ സ്വന്തം ലാബില്‍ വിഷം ഗവേഷണം നടത്തി

തൃശൂര്‍: ‘അച്ഛനെയാണു കൊല്ലാനുദ്ദേശിച്ചത്. വേറെ ആരെയും ഒന്നും ചെയ്യാന്‍ ഉദ്ദേശ്യമില്ലായിരുന്നു..’തൃശൂര്‍ അവണൂരില്‍ പിതാവിന് കടലക്കറിയില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ മകന്‍ മയൂര്‍നാഥ് പൊലീസ് കസ്റ്റഡിയില്‍ വെളിപ്പെടുത്തിയതിങ്ങനെ. അച്ഛനോടും രണ്ടാനമ്മയോടും ദീര്‍ഘകാലമായി തനിക്കുണ്ടായിരുന്ന പകയാണു കടലക്കറിയില്‍ വിഷം ചേര്‍ത്ത് അച്ഛനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിലേക്കു നയിച്ചതെന്നു മയൂര്‍നാഥ് പറഞ്ഞു. മയൂര നാഥനെ കൊല നടത്തിയ അവണൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
അവണൂര്‍ സ്വദേശിയായ ശശീന്ദ്രനെ വിഷം നല്‍കി കൊലപ്പെടുത്തി എന്ന് ആയുര്‍വേദ ഡോക്ടറായ മകന്‍ മയൂര നാഥന്‍ ഇന്നലെ കുറ്റസമ്മതം നടത്തിയിരുന്നു. ഓണ്‍ലൈനായി വരുത്തിയ വിഷ പദാര്‍ഥങ്ങള്‍ കടലക്കറിയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു.

ശശീന്ദ്രനും ആദ്യ ഭാര്യ ബിന്ദുവിനും പിറന്ന കുട്ടിയാണു മയൂര്‍നാഥ്. 15 വര്‍ഷം മുന്‍പ് മയൂര്‍നാഥിന്റെ കഴുത്തിലൊരു മുഴയുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം തല അല്‍പം ചരിച്ചുവച്ചാണു ഡോക്ടര്‍മാര്‍ മുറിവുകെട്ടി വീട്ടിലേക്കയച്ചത്. ഈ കാഴ്ച കണ്ടു ബിന്ദുവിനു കടുത്ത മനഃപ്രയാസമുണ്ടായി. മകന്റെ അവസ്ഥ കണ്ടു വിഷമം സഹിക്കവയ്യാതെ മണ്ണെണ്ണയൊഴിച്ചു ബിന്ദു സ്വയം തീകൊളുത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ അച്ഛന്‍ മറ്റൊരു വിവാഹം ചെയ്തതോടെ മയൂര്‍നാഥ് കടുത്ത മാനസിക സംഘര്‍ഷത്തിലായി.

പഠിക്കാന്‍ മിടുക്കനായിരുന്ന മയൂര്‍നാഥിന് എംബിബിഎസിനു സീറ്റ് ലഭിച്ചെങ്കിലും ആയുര്‍വേദത്തില്‍ ഉപരിപഠനമാണു തിരഞ്ഞെടുത്തത്. ആയുര്‍വേദ മരുന്നുകള്‍ സ്വയം ഗവേഷണം നടത്തി കണ്ടെത്താന്‍ വീടിന്റെ മുകളില്‍ ഒരു ലാബും സജ്ജമാക്കി. ഈ ലാബിനു വേണ്ടി ഇടയ്ക്കിടെ മയൂര്‍നാഥ് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നതു വീട്ടില്‍ വലിയ വഴക്കിനു കാരണമായിരുന്നതായും പൊലീസ് പറയുന്നു.കൊലപാതകശേഷം മയൂര്‍നാഥ് ഒന്നുമറിയാത്തപോലെ നിലകൊണ്ടെങ്കിലും പൊലീസിന് സംശയമുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഏതെന്നു തിരിച്ചറിയാന്‍ കഴിയാതെ വന്നതോടെയാണു വിദഗ്ധമായൊരു കൊലപാതക സാധ്യത തെളിഞ്ഞുവന്നത്. ചോദ്യം ചെയ്യലില്‍ ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവില്‍ മയൂര്‍നാഥ് കുറ്റം സമ്മതിച്ചു.