Thursday, May 9, 2024
indiaNews

അഖിലേന്ത്യ മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് രാജിവച്ചു.

അഖിലേന്ത്യ മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. സുഷ്മിത ട്വിറ്ററിലെ പ്രൊഫൈല്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക എന്നാക്കിയിട്ടുണ്ട്. നേതൃത്വവുമായി പിണങ്ങി നില്‍ക്കുകയായിരുന്നു സുഷ്മിത ദേവ്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നല്‍കി.ജീവിതത്തില്‍ ഒരു പുതിയ അദ്ധ്യായം തുടങ്ങുകയാണെന്ന് സുഷ്മിത ദേവ് പ്രതികരിച്ചു. സുഷ്മിത തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്നാണ് അഭ്യൂഹം.പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ച ഇന്നുണ്ടാകുമെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയെത്തുടര്‍ന്നാണ് സുഷ്മിത രാജി ഭീഷണി മുഴക്കിയിരുന്നുത്. സുഷ്മിത ദേവിനെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി ഇടപെട്ടതും വാര്‍ത്തയായിരുന്നു.അസമില്‍ എഐയു ഡി എഫുമായുള്ള കോണ്‍ഗ്രസിന്റെ സഹകരണത്തെ സുഷ്മിത നേരത്തെ എതിര്‍ത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്തി കടുത്തു. ഇതോടെയാണ് സുഷ്മിത രാജിസന്നദ്ധത അറിയിച്ചത്. സുഷ്മിത ദേവ് പാര്‍ട്ടി വിടില്ലെന്നാണ് അന്ന് അസം പാര്‍ട്ടി നേതൃത്വം പറഞ്ഞത്. ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.