Saturday, April 27, 2024
indiaNewsworld

അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തരമായി എയര്‍ ഇന്ത്യ വിമാനം തിരിക്കും.

താലിബാന്‍ ഭരണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തരമായി വിമാനം തിരിക്കും. ദില്ലിയില്‍ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടും. രണ്ട് വിമാനങ്ങള്‍ കൂടി തയ്യാറാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കാബൂള്‍-ദില്ലി അടിയന്തര യാത്രയ്ക്ക് തയ്യാറെടുത്തിരിക്കാന്‍ ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം രാജ്യം വിടാനായി എത്തിയവരുടെ തിക്കും തിരക്കുമാണ് കാബൂള്‍ വിമാനത്താവളത്തില്‍. ഇതിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.കാബൂളില്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ താലിബാന്‍ പതാക ഉയര്‍ത്തിയതിന് പിന്നാലെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. തലസ്ഥാനമായ കാബൂളിനെ നാല് വശത്ത് നിന്നും തീവ്രവാദികള്‍ വളഞ്ഞതോടെ പലയിടത്തും ചെറുത്ത് നില്‍ക്കാതെ തന്നെ അഫ്ഗാന്‍ സൈന്യം പിന്മാറുകയായിരുന്നു. നഗരാതിര്‍ത്തി കടന്നൊരു ആക്രമണത്തിന് മുതിരാതെ ചര്‍ച്ചകള്‍ക്കായി താലിബാന്‍ സംഘം പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി. അധികാരമൊഴിയുക അല്ലാതെ മറ്റൊരു വഴിയും പ്രസിഡന്റ് അഷ്‌റഫ് ഗാനിക്ക് മുന്നിലുണ്ടായിരുന്നില്ല. അധികാര കൈമാറ്റം പൂര്‍ത്തിയാവും വരെ ഇടക്കാല സര്‍ക്കാരിനെ ഭരണമേല്‍പിക്കാനാണ് ധാരണ. മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന അലി അഹമ്മദ് ജലാലിയാവും ഇടക്കാല സര്‍ക്കാരിനെ നയിക്കുകയെന്നാണ് വിവരം.