Sunday, May 19, 2024
keralaNews

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരും.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന നാല് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. നഗരത്തില്‍ പല റോഡുകളും പൊലീസ് അടയ്ക്കുകയാണ്. മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അടച്ചിടുന്ന കണ്ടെയിന്‍മെന്റ് സോണുകളില്‍ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാന്‍ ഒരുവഴി മാത്രമായിരിക്കും ഉണ്ടാകുക.കൂടുതല്‍ കൊവിഡ് കേസുകളുള്ള മേഖലകളെ സോണുകളാക്കി തിരിച്ച് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് ചുമതല നല്‍കും. പലചരക്ക്, പച്ചക്കറി വില്‍ക്കുന്ന കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. ഹോട്ടലുകളില്‍ പാഴ്‌സല്‍ വിതരണം ഉണ്ടാകും.

തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങള്‍.

ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴം, പച്ചക്കറി, പാല്‍, മാംസം, മത്സ്യം, കാലിത്തീറ്റ, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളും, ബേക്കറികളും തിങ്കള്‍ മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ചക്ക് രണ്ടു മണി വരെ പ്രവര്‍ത്തിക്കാം. അതേസമയം, റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ ഷോപ്പുകള്‍, മില്‍ക്ക് ബൂത്തുകള്‍ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ പ്രവര്‍ത്തിക്കാം.

പാല്‍, പത്ര വിതരണം എന്നിവ രാവിലെ എട്ടിനു മുന്‍പു പൂര്‍ത്തിയാക്കണം.

ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് 7.30 വരെ പ്രവര്‍ത്തിക്കാം. ടേക്ക് എവേയും പാഴ്‌സല്‍ സര്‍വീസും അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമാകും അനുവദിക്കുക.

മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്ബുകള്‍, എടിഎമ്മുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവ എല്ലാ ദിവസവും പ്രവര്‍ത്തിക്കും.

6. പൊതുജനങ്ങള്‍, അവശ്യവസ്തുക്കള്‍ വീടിനോട് ഏറ്റവും അടുത്തുള്ള കടയില്‍നിന്നു വാങ്ങണം. ഇതിന്റെ പേരില്‍ അനാവശ്യ യാത്രകള്‍ അനുവദിക്കില്ല.

7. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ഏറ്റവും കുറഞ്ഞ സ്റ്റാഫിനെ വച്ച് രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇവയ്ക്കു പ്രവര്‍ത്തിക്കാന്‍ അനുവാദം. സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പ്രവര്‍ത്തിക്കും. ഇ-കൊമേഴ്‌സ്, അവശ്യ വസ്തുക്കളുടെ ഡെലിവറി എന്നിവ ദിവസവും രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ അനുവദിക്കും.

ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കര്‍ശനമായി നിയന്ത്രിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങള്‍ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതു നിര്‍ബന്ധമാണ്.

മാധ്യമ പ്രവര്‍ത്തകര്‍ക്കു ജില്ലയിലേക്കു പ്രവേശിക്കുന്നതിനും ജില്ല വിട്ടു പോകുന്നതിനും പൊലീസിന്റെ പ്രത്യേക പാസ് വേണം. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സ് തുടങ്ങിയവര്‍ക്ക് ഓണ്‍ലൈന്‍ പാസ് നിര്‍ബന്ധം. ഇലക്ട്രോണിക്, പ്ലമ്ബിങ് ജോലികള്‍ ചെയ്യുന്ന ടെക്‌നീഷ്യന്മാര്‍ക്കും പാസ് നിര്‍ബന്ധം.പാസുകള്‍ pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷിച്ചാല്‍ ലഭ്യമാകും.