Tuesday, April 30, 2024
Newsworld

വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയുടെ സമ്പദ്വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നു.

മോസ്‌കോ :യുക്രെയ്‌നെതിരായ യുദ്ധത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയുടെ സമ്പദ്വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നു. റഷ്യന്‍ ഓഹരിവിപണി ഇന്നലെയും അടഞ്ഞുകിടന്നു. വിവിധ കമ്പനികള്‍ റഷ്യയിലും ബെലാറൂസിലുമുള്ള ഇടപാടുകള്‍ അവസാനിപ്പിച്ചുതുടങ്ങി.

  • റൂബിളിന്റെ വില ഇന്നലെയും ഇടിഞ്ഞു. ഡോളറിന് 110 റൂബിളും യൂറോയ്ക്ക് 120.50 റൂബിളും വരെയാണ് വില താണത്. രാജ്യത്തിനു പുറത്ത് ഡോളറിനു 115 റൂബിള്‍ നല്‍കണം.
  •  ജപ്പാനിലെ വാഹന നിര്‍മാണ കമ്പനിയായ ഹോണ്ട റഷ്യയിലേക്കുള്ള കാര്‍, ബൈക്ക് കയറ്റുമതി നിര്‍ത്തി. യുഎസ് കമ്പനിയായ ഫോര്‍ഡ് അടക്കം റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
  •  ജപ്പാനിലെ മറ്റു വാഹന നിര്‍മാതാക്കളും കയറ്റുമതി നിര്‍ത്താനുള്ള തയാറെടുപ്പിലാണ്. മാസ്ഡ കമ്പനി സ്‌പെയര്‍പാര്‍ട്‌സ് നല്‍കുന്നത് നിര്‍ത്താന്‍ ആലോചിക്കുന്നു. പ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും നിസാന്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണ്. മിത്സുബിഷി ഉല്‍പാദനവും വില്‍പനയും നിര്‍ത്തുന്ന കാര്യം ആലോചിക്കുന്നു.
  •  ഉപരോധം മൂലം റഷ്യയിലെ ഏറ്റവും വലിയ ബാങ്ക് ആയ ഷെര്‍ബാങ്ക് യൂറോപ്പിലെ പ്രവര്‍ത്തനം അപ്പാടെ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. വന്‍തോതില്‍ പണം പിന്‍വലിച്ചുതുടങ്ങിയതും ജീവനക്കാര്‍ക്കു നേരെ ഭീഷണി ഉയരുന്നതും കണക്കിലെടുത്താണിത്.
  • ബെലാറൂസിനു മേല്‍ യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി. യൂറോപ്പിലേക്കുള്ള ഇറക്കുമതി തടയുകയാണ് ലക്ഷ്യം. 7 റഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റില്‍ നിന്ന് വിലക്കി.
  •  ലിത്വാനിയയുടെ തുറമുഖങ്ങളില്‍ റഷ്യന്‍ കപ്പലുകള്‍ക്ക് വിലക്കു വന്നേക്കും.
  •  ഓഹരിയിലും കടപ്പത്രങ്ങളിലും പണമിറക്കിയിട്ടുള്ള വിദേശ നിക്ഷേപകര്‍ അവ വിറ്റഴിക്കുന്നതു തടയാന്‍ റഷ്യ ശ്രമം തുടങ്ങി. അവയുടെ പണം നല്‍കുന്നതു വിലക്കിയതോടെ വിദേശ നിക്ഷേപകര്‍ കുടുക്കിലായി. ലാഭവീതം നല്‍കുന്നതും തടഞ്ഞു. ലോകത്തെ ഏറ്റവും വലിയ ധന സെറ്റില്‍മെന്റ് സംവിധാനമായ യൂറോക്ലിയറും ക്ലിയര്‍സ്ട്രീമും റഷ്യന്‍ ആസ്തികള്‍ സ്വീകരിക്കുന്നില്ല.
  •  റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനു പുറമേ ബെലാറൂസിനെതിരെ ചില നടപടികള്‍ക്കു ബ്രിട്ടന്‍ തുടക്കമിട്ടു. റഷ്യന്‍ കപ്പലുകള്‍ ബ്രിട്ടിഷ് തുറമുഖങ്ങളിലെത്തിയാല്‍ തടഞ്ഞുവയ്ക്കും.
  •  റഷ്യയ്‌ക്കെതിരായ ഉപരോധ നടപടികളില്‍ പങ്കു ചേരില്ലെന്നു ചൈന.