Wednesday, May 15, 2024
keralaNews

ലഹരിമരുന്നുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍ പിടിയില്‍

ലഹരിമരുന്നുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍ അഖില്‍ മുഹമ്മദ് ഹുസൈന്‍ പിടിയില്‍. രണ്ടരഗ്രാം എം.ഡി.എം.എയും ലഹരി സ്റ്റാംപുകളും പിടികൂടി. ലഹരി എത്തിച്ചത് ബെംഗളൂരുവില്‍ നിന്നെന്ന് പൊലീസ് അറിയിച്ചു.

മെഡിക്കല്‍ കോളജ് പരിസരത്ത് പെരിങ്ങണ്ടൂര്‍ റോഡിലെ ഒരു സ്വകാര്യ ഹോസ്റ്റലില്‍ നിന്നാണ് യുവാവിനെ വെളുപ്പിന് പൊലീസ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്നാന്ന് ലഹരി മരുന്ന് എത്തുന്നതെന്നാണ് സൂചന. സുഹൃത്തുക്കളായ ചില ഡോക്ടര്‍മാര്‍ക്കും പിടിയിലായ യുവാവ് വഴി ലഹരി മരുന്ന് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു.

ലഹരിമരുന്ന് ഉപയോഗിക്കുന്ന കൂടുതല്‍ ഡോക്ടര്‍മാരുണ്ടെന്നാണ് അഖില്‍ നല്‍കിയ വിവരം. വിശാഖപട്ടണത്തു നിന്നും കൂടുതല്‍ ന്യൂജനറേഷന്‍ ലഹരിമരുന്നുകള്‍ കേരളത്തിലേക്ക് ഒഴുകുന്നുണ്ടെന്നും പൊലീസിനു സൂചന ലഭിച്ചു.