Friday, May 10, 2024
indiaNews

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ നശിച്ചത് തപോവന്‍ ഡാം

ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ തപോവന്‍ വിഷ്ണുഗഢ് ജലവൈദ്യുത നിലയത്തിന്റെ ഭാഗമായ ഡാം പൂര്‍ണമായും ഒലിച്ചുപോയി. ഇന്ത്യന്‍ വ്യോമസേന വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. പൂര്‍ണമായും നശിച്ച നിലയിലുള്ള ഡാമിന്റെ രഹസ്യാന്വേഷണ വിമാനങ്ങളില്‍നിന്നുള്ള ചിത്രങ്ങളും സേന പുറത്തുവിട്ടിട്ടുണ്ട്. ധൗലിഗംഗ, റിഷിഗംഗ നദികളുടെ സംഗമസ്ഥാനത്താണ് ഡാമുള്ളത്.മലാരി താഴ്വരയുടെ പ്രവേശന കവാടത്തിലും തപോവന് സമീപവുമുള്ള രണ്ട് പാലങ്ങളും ഒഴുകിപ്പോയി. താഴ്വരയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും തൊഴിലാളികളുടെ കുടിലുകളും തകര്‍ന്നിട്ടുണ്ട്. അതേസമയം, ജോഷിമഠിനും തപോവനും ഇടയിലെ പ്രധാന റോഡിന് കേടുപാട് ഒന്നും സംഭവിച്ചിട്ടില്ല.അതേസമയം, ജലവൈദ്യുത പ്ലാന്റിന്റെ ഒരു ഭാഗത്തിന് ഹിമപാതത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി എന്‍.ടി.പി.സി പറഞ്ഞു. എന്‍.ടി.പി.സി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള തപോവന്‍ വിഷ്ണുഗഢ് ജലവൈദ്യുത പദ്ധതി ഏകദേശം 3,000 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. 2006ല്‍ നിര്‍മാണം തുടങ്ങിയ ഡാം 2020 സെപ്തംബറിലാണ് കമീഷന്‍ ചെയ്തത്.സ്ഥിതി തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.രക്ഷാപ്രവര്‍ത്തനത്തിന് കരസേനയും നാവികസേനയും വ്യോമസേനയും രംഗത്തുണ്ട്.