Friday, May 17, 2024
keralaNews

കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാനുള്ള അനുമതി ഇന്ന് അവസാനിക്കും…

കൃഷിയിടങ്ങളിലിറങ്ങി വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാനുള്ള വനവകുപ്പ് ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കും.പന്നിശല്യം ഇപ്പോഴും രൂക്ഷമായതിനാല്‍ ഉത്തരവ് നീട്ടിനല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.എന്നാല്‍, ശല്യം കുറഞ്ഞോയെന്ന് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് വനം വകുപ്പിന്‌റെ വിശദീകരണം.തോക്കു ലൈസന്‍സുള്ള കര്‍ഷകര്‍ക്ക് കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി നല്‍കി മെയ് 18നാണ് വനംവകുപ്പ് ഉത്തരവിട്ടത്. ആറ് മാസത്തേക്കായിരുന്നു ഉത്തരവിന്റെ കാലാവധി. ഗ്രാമപഞ്ചായത്തുകള്‍ നല്‍കുന്ന തോക്കുലൈസന്‍സുള്ള കര്‍ഷകരുടെ പട്ടിക അതത് വനംവകുപ്പ് ഓഫീസുകള്‍ അംഗീകരിച്ച് അനുമതി നല്‍കും.

എന്നാല്‍ കോഴിക്കോട് ജില്ലയില്‍ പലയിടത്തും ഗ്രാമപഞ്ചായത്തുകള്‍ വൈകി പട്ടിക നല്‍കിയത് കര്‍ഷകര്‍ക്ക് വിനയായി. ആറുമാസ കാലാവധി ഇന്ന് അവസാനിക്കുന്നതോടെ വനം വകുപ്പ് നല്‍കിയ എല്ലാ അനുമതിയും റദ്ദാകപ്പെടും. പന്നിശല്യം കുറയാത്ത സാഹചര്യത്തില്‍ ഉത്തരവിന്റെ കാലാവധി നീട്ടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.അനുമതി നീട്ടിനല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് വനം വകുപ്പ് നല്‍കുന്ന വിശദീകരണം. പന്നിശല്യം കുറഞ്ഞോ എന്ന് പരിശോധിച്ചശേഷം മാത്രമെ തീരുമാനമുണ്ടാകുവെന്നും ഇവര്‍ വിശദീകരിക്കുന്നു.