Tuesday, May 14, 2024
keralaNews

പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയ എഎസ്‌ഐക്കെതിരെ എസ്സി എസ്ടി കമ്മീഷന്‍ കേസെടുത്തു

വയനാട്: പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയ അമ്പലവയല്‍ ഗ്രേഡ് എഎസ്‌ഐ ടി ജി ബാബുവിനെതിരെ എസ്സി എസ്ടി കമ്മീഷന്‍ കേസെടുത്തു. വയനാട് ജില്ലാ പൊലീസ് മേധാവിയോട് അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. തെളിവെടുപ്പിനിടെ മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് എതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് നടപടി.കഴിഞ്ഞ ജൂലൈ 26 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പോക്‌സോ കേസില്‍ ഇരയായ 16 കാരിയെ ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്താണ് അമ്പലവയല്‍ പൊലീസിന്റെ അതിക്രമം നടന്നത്. പെണ്‍കുട്ടി പീഡനത്തിനിരയായ ലോഡ്ജില്‍ വെച്ചായിരുന്നു തെളിവെടുപ്പ്. എസ് ഐ സോബിന്‍, ഗ്രേഡ് എ എസ് ഐ,ടി ജി ബാബു, സിവില്‍ പൊലീസ് ഓഫീസര്‍ പ്രജിഷയുമാണ്   ് സംഘത്തിലുണ്ടായിരുന്നത്.  തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഊട്ടിയില്‍ നിന്ന് മടങ്ങവേ നഗരത്തില്‍ വണ്ടി നിര്‍ത്തി. ഗ്രേഡ് എ എസ് ഐ ടി ജി ബാബു പെണ്‍കുട്ടിയെ മാറ്റി നിര്‍ത്തി കയ്യില്‍ കയറി പിടിക്കുകയും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഷെല്‍ട്ടര്‍ ഹോമിലെ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സി ഡബ്ല്യു സി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര കൃത്യവിലോപം നടന്നതായാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ്പിയെ ചുമതലപ്പെടുത്തി.