Thursday, May 16, 2024
keralaNewspolitics

മുസ്‌ലിംവിരുദ്ധ പരാമര്‍ശം; കൊച്ചി മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ രാജിവെച്ചു

സാമുദായികവിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ യു.ഡി.എഫ് കൊച്ചി നിയോജക മണ്ഡലം ചെയര്‍മാന്‍ അഗസ്റ്റസ് സിറിള്‍ രാജിവെച്ചു. മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളില്‍നിന്നും പൊതു സമൂഹത്തിനിടയില്‍നിന്നും പരാമര്‍ശത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നേതൃത്വം ഇടപെട്ട് രാജി എഴുതിവാങ്ങിയത്. മുസ്‌ലിം സമുദായത്തിനെതിരെയുള്ള ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെ പൊതു സമൂഹത്തിനിടയിലും കോണ്‍ഗ്രസ്, ലീഗ് ഉള്‍പ്പെടെയുള്ള മുന്നണി കക്ഷികള്‍ക്കിടയിലും വലിയ പ്രതിഷേധമാണുയര്‍ന്നത്.                                                                                                             അഗസ്റ്റസിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാറിനെതിരെ കഴിഞ്ഞ ദിവസം യു.ഡി.എഫ് ആഹ്വാനംചെയ്ത സമരം കൊച്ചിയില്‍ പലയിടങ്ങളിലും നടന്നില്ല.മുസ്‌ലിം ലീഗും കോണ്‍ഗ്രസിലെ വലിയൊരു വിഭാഗവും പരിപാടി ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയെയും മുസ്‌ലിം ലീഗിനെയും വെല്ലുവിളിച്ച് അഗസ്റ്റസിന്റെ നേതൃത്വത്തില്‍ ചിലയിടങ്ങളില്‍ സമരം നടത്തിയത് കൂടുതല്‍ പ്രകോപനത്തിനും ഇടയാക്കി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിയാണ് അഗസ്റ്റസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിയത്. അന്ന് ജോണ്‍ പഴേരിയുടെ പേരാണ് പ്രാദേശിക നേതൃത്വം നല്‍കിയതെങ്കിലും മുന്‍ എം.എല്‍.എ കൂടിയായ നേതാവ് ഇടപെട്ട് ഇദ്ദേഹത്തെ ആ സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു.                                                                                                               സ്ഥാനം ഏറ്റെടുത്ത് മാസങ്ങള്‍ക്കുള്ളില്‍തന്നെ വിവാദ പരാമര്‍ശംവഴി പുറത്തുപോകേണ്ട അവസ്ഥയും സംജാതമായി. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറികൂടിയായ ജോണ്‍ പഴേരിയെ കൊച്ചി മണ്ഡലത്തിലെ പുതിയ യു.ഡി.എഫ് ചെയര്‍മാനായി തെരഞ്ഞെടുത്തു. അതേസമയം വിവാദ പരാമര്‍ശത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്.ഡി.പി.ഐ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.