Friday, May 10, 2024
keralaNews

12ാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന വീരക്കല്ല് ചതുരംഗപ്പാറയില്‍ കണ്ടെത്തി

ചരിത്ര പ്രാധാന്യമുള്ള അപൂര്‍വയിനം വീരക്കല്ല് ചതുരംഗപ്പാറയില്‍ കണ്ടെത്തി. വിജയഭേരി മുഴക്കി നില്‍ക്കുന്ന ആനയുടെ മുകളിലിരിക്കുന്ന വീരകഥാപാത്രമാണ് വീരക്കല്ല്. ഒരടിയോളം ഉയരമുള്ള കല്ലിലാണ് ഈ അപൂര്‍വമായ നിര്‍മിതി. ചതുരംഗപ്പാറയില്‍ കേരള-തമിഴ്‌നാടിന്റെ അതിര്‍ത്തിയോട് ചേര്‍ന്നാണു 12-ാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഈ ശില്‍പം കണ്ടെത്തിയത്.

 

വീരാരാധനയുടെ ഭാഗമായി സംഘകാല ഘട്ടം മുതലുള്ള വീരകഥാപാത്രങ്ങള്‍ ദക്ഷിണേന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. ആനയുടെ മുകളിലിരിക്കുന്ന രീതിയിലുള്ള ഒരു വീരക്കല്ല് ലഭ്യമാകുന്നത് അപൂര്‍വമാണ്. കേരളത്തില്‍ നിന്നു മധുരയിലേക്കുള്ള പ്രാചീന സഞ്ചാര പാതയില്‍ ചതുരംഗപ്പാറ ഭൂമിശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ട പ്രദേശമാണ്. പോരാട്ടത്തില്‍ വീരമരണം പ്രാപിക്കുന്ന വീരന്മാരുടെ സ്മരണയ്ക്കായി നാട്ടുന്ന കല്ലുകള്‍ എന്നാണ് വീരക്കല്ലുകളെ കുറിച്ച് പറയപ്പെടുന്നത്.