Monday, May 6, 2024
keralaNews

സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്നു തുറക്കും.

സംസ്ഥാനത്ത് ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്നു തുറക്കും.കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ബീച്ചുകള്‍ നവംബര്‍ ഒന്ന് മുതലാണ് തുറക്കുക. ഇക്കാര്യം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നല്‍കുന്നതിനാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഹില്‍ സ്റ്റേഷനുകള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കായലോര ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് ഇന്നുമുതല്‍ സഞ്ചാരികള്‍ക്കായി തുറക്കുക.വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു ടൂറിസ്റ്റുകള്‍ക്ക് ഒരാഴ്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിനു ക്വാറന്റൈന്‍ നിര്‍ബന്ധമല്ല.സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന സഞ്ചാരികള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴ് ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍ സ്വന്തം ചെലവില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് നിര്‍ദേശം.

ഏഴ് ദിവസത്തില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുകയോ, കേരളത്തില്‍ എത്തിയാല്‍ ഉടന്‍ കോവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അല്ലെങ്കില്‍ സഞ്ചാരികള്‍ ഏഴ് ദിവസം ക്വാറന്റൈന്‍ പോകേണ്ടിവരും.കോവിഡ് ലക്ഷണമുള്ളവര്‍ യാത്ര ചെയ്യാന്‍ പാടില്ല. പ്രരംഭലക്ഷണങ്ങളുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവശിക്കണം. മാസ്‌ക് നിര്‍ബന്ധം. സാനിറ്റൈസര്‍ ഉപയോഗിക്കണം. രണ്ട് മീറ്റര്‍ സാമൂഹിക അകലം മറ്റുള്ളവരില്‍ നിന്നും പാലിക്കണം. വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശന വേളയില്‍ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ദിശയില്‍ ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം തേടേണ്ടതാണ്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആറ് മാസമായി സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.കോവിഡ് 19 ഭീഷണിക്കിടെയും രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ടൂറിസം മേഖല നേരത്തെ തുറന്നുകൊടുത്തിരുന്നു. എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട ജനസാന്ദ്രതയേറിയ സംസ്ഥാനമെന്ന നിലയില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്ന രീതിയാണ് കേരളത്തില്‍ അവലംബിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വിനോദ സഞ്ചാരികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് 4 ഉത്തരവില്‍ നിരോധിത കാറ്റഗറിയില്‍ ടൂറിസം ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായി മുന്‍കരുതലുകള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ അപാകതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് ആശ്വാസം പകരുന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്.