Sunday, May 19, 2024
indiaNewspolitics

ത്രിപുര ഉപതിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലും ബിജെപിക്ക് വന്‍ വിജയം

അഗര്‍ത്തല: സെപ്തംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടന്ന ബോക്‌സാനഗര്‍, ധന്‍പൂര്‍ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആറ് റൗണ്ട് വോട്ടെണ്ണലിന് ശേഷം ഭരണകക്ഷിയായ ബി.ജെ.പി വന്‍ വിജയം. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ സിപിഎമ്മിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതിനാല്‍ ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷമായ സി.പി.എമ്മും ബോക്‌സാനഗര്‍, ധന്പൂര്‍ എന്നീ രണ്ട് സീറ്റുകളിലും നേര്‍ക്കുനേര്‍ മത്സരത്തിലായിരുന്നു.                                                                                               സിറ്റിംഗ് സിപിഐഎം എംഎല്‍എ സാംസുല്‍ ഹഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ബോക്‌സാനഗറില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ധന്പൂരില്‍ ഈ വര്‍ഷം ആദ്യം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കേന്ദ്രമന്ത്രി പ്രതിമ ഭൂമിക്, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് ശേഷം സീറ്റ് രാജിവെച്ചിരുന്നു.ബോക്‌സാനഗറില്‍ നിന്ന് തഫജ്ജല്‍ ഹുസൈനെയും ധന്പൂരില്‍ നിന്ന് ബിന്ദു ദേബ്‌നാഥിനെയും ബിജെപി മത്സരിപ്പിച്ചു.                                                                    വോട്ടെടുപ്പിനിടെ വ്യാപകമായ കൃത്രിമം നടന്നുവെന്നാരോപിച്ച് ഇടതുമുന്നണി വോട്ടെണ്ണല്‍ പ്രക്രിയയില്‍ നിന്ന് വിട്ടുനിന്നു.ആറാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ബിജെപിയുടെ തഫജ്ജല്‍ ഹുസൈന്‍ 34,146 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ സിപിഐ എമ്മിലെ മിസാന്‍ ഹുസൈന് 3,909 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ധന്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു ദേബ്‌നാഥ് 30,017 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഐഎമ്മിലെ കൗശിക് ചന്ദയ്ക്ക് 11,146 വോട്ടുകളും ലഭിച്ചു.
മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ ബോക്‌സാനഗറില്‍ തഫാജല്‍ ഹുസൈനാണ് ബി ജെ പിക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയത്. രണ്ട് സീറ്റിലും പരാജയപ്പെടുന്ന അവസ്ഥയുണ്ടായാല്‍ കേവല ഭൂരിപക്ഷത്തെ ബാധിക്കുമെന്ന വെല്ലുവിളി നേരിട്ട ബിജെപി മിന്നും വിജയം പേരിലാക്കുകയായിരുന്നു.