Thursday, May 2, 2024
indiaNewsUncategorized

ഗൊരഖ്‌നാഥ് ക്ഷേത്ര ആക്രമണക്കേസ് പ്രതിക്ക് വധശിക്ഷ

ദില്ലി: ഗൊരഖ്‌നാഥ് ക്ഷേത്രം ആക്രമിച്ച കേസിലെ പ്രതിക്ക് എന്‍ഐഎ കോടതി വധശിക്ഷ വിധിച്ചു. അഹമ്മദ് മുര്‍താസ അബ്ബാസിയെയാണ് ലഖ്നൗവിലെ പ്രത്യേക എന്‍ഐഎ കോടതി വധശിക്ഷക്ക് വിധിച്ചത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ശ്രമിച്ചതിനാണ് അബ്ബാസിക്ക് വധശിക്ഷ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ക്ഷേത്രത്തിലെ സുരക്ഷ ജീവനക്കാരനെ ഇയാള്‍ ആക്രമിച്ചത്. ഐപിസി 121-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചതെന്ന് യുപി എഡിജി (ലോ ആന്‍ഡ് ഓര്‍ഡര്‍) പ്രഷന്‍ കുമാര്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് സെക്ഷന്‍ 307 പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവും വിധിച്ചു. ഗൊരഖ്പൂരിലെ ഗൊരഖ്നാഥ് ക്ഷേത്രത്തില്‍ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് പ്രതികള്‍ ആക്രമിച്ചത്. കെമിക്കല്‍ എന്‍ജിനീയറായ അഹ്‌മദ് മുര്‍താസയെ സംഭവത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിക്ക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇയാള്‍ ഐഎസിന് വേണ്ടി പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും തീവ്രവാദ സംഘടനയെ പിന്തുണയ്ക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്‌തെന്നു എന്‍ഐഎ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.