Friday, May 17, 2024
keralaNews

പന്നി ഫാമില്‍ ഗര്‍ഭിണികളായ വളര്‍ത്തുപന്നികളെ വെട്ടിക്കൊന്ന് യുവാവിന്റെ കൊടുംക്രൂരത.

പന്നി ഫാമില്‍ ഗര്‍ഭിണികളായ വളര്‍ത്തുപന്നികളെ വെട്ടിക്കൊന്ന് യുവാവിന്റെ കൊടുംക്രൂരത. ഇടുക്കി മണിയാറന്‍കുടിയിലാണു മദ്യപിച്ച് അക്രമാസക്തനായ യുവാവ് അയല്‍വാസിയുടെ വീട് ആക്രമിക്കുകയും വാഹനങ്ങളും ഗൃഹോപകരണങ്ങളും അടിച്ചു തകര്‍ക്കുകയും ചെയ്ത ശേഷം വീടിനു സമീപത്തു ഫാമില്‍ കയറിയാണു പന്നികളെ വെട്ടിയത്.പ്രസവിക്കാറായ രണ്ടു പന്നികളെ വടിവാളു കൊണ്ടു കുത്തിക്കൊന്ന അക്രമി 20 പന്നികളെ മാരകമായി മുറിവേല്‍പിച്ചു. മണിയാറന്‍കുടി കൊക്കരക്കുളം ആശാരിക്കുടിയില്‍ ജോബിയുടെ വീട്ടിലാണ് അയല്‍വാസിയായ തകരപ്പിള്ളില്‍ ജോബി അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് ആശാരിക്കുടിയില്‍ ജോബിയുടെ വീട്ടില്‍ മദ്യപിച്ചെത്തിയ തകരപ്പിള്ളില്‍ ജോബി വീട്ടിനുള്ളിലുണ്ടായിരുന്ന ജോബിയുടെ ഭാര്യ ഷീബയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഷീബ പുറത്തിറങ്ങാത്തതിനെത്തുടര്‍ന്നു വടിവാള്‍ കൊണ്ടു ജനലിലൂടെ വെട്ടി ഗൃഹോപകരണങ്ങള്‍ നശിപ്പിക്കുകയും മുറ്റത്തെ ജീപ്പിന്റെ ടയറുകള്‍ കുത്തിക്കീറുകയും ബൈക്കും ജീപ്പും തല്ലിത്തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ സമീപത്തുള്ള ഇവരുടെ ഫാമില്‍ കയറി പന്നികളെ വടിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.ആകെ 33 പന്നികളാണു ഫാമില്‍ ഉണ്ടായിരുന്നത്. സംഭവം നടക്കുമ്പോള്‍ ജോബി വീട്ടിലില്ലായിരുന്നു. പ്രകോപനമില്ലാതെയാണ് അക്രമി വീട്ടിലെത്തിയതെന്നും ജീവനു ഭീഷണിയുണ്ടെന്നും വീട്ടുടമയായ ജോബി പറഞ്ഞു. ജോബിയുടെ ഭാര്യ ഷീബ ഗര്‍ഭിണിയാണ്. ഇവരുടെ 3 കുട്ടികള്‍ നേരത്തേ അപൂര്‍വരോഗം ബാധിച്ചു മരിച്ചിരുന്നു. ഇടുക്കി പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണ്.