Wednesday, May 22, 2024
Uncategorized

ജയലളിതയുടെ ജന്മവാര്‍ഷികത്തില്‍ ശശികല എത്തുമോ? കനത്ത സുരക്ഷയില്‍ അമ്മ സ്മാരകം

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജന്മവാര്‍ഷികം ആഘോഷമാക്കാനുള്ള നീക്കവുമായി അണ്ണാഡിഎംകെയും, അമ്മ മക്കള്‍ മുന്നേറ്റ കഴകവും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജയലളിതയുടെ ജന്മദിനമായ 24നു സംസ്ഥാനത്തുടനീളം പൊതു പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇരു പാര്‍ട്ടികളും അണികള്‍ക്കു നിര്‍ദേശം നല്‍കി. 24 മുതല്‍ 28 വരെ സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ജന്മവാര്‍ഷിക ആഘോഷം സംഘടിപ്പിക്കുമെന്ന് അണ്ണാഡിഎംകെ അറിയിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 3 വരെ പുതുച്ചേരി, കര്‍ണാടക എന്നിവിടങ്ങളിലും പൊതു പരിപാടികള്‍ നടത്തും.

ടി.ടി.വി.ദിനകരന്റെ മണ്ഡലമായ ആര്‍കെ നഗറില്‍ നടക്കുന്ന പൊതു പരിപാടിയില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പങ്കെടുക്കുമെന്ന് അണ്ണാഡിഎംകെ നേതൃത്വം അറിയിച്ചു. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം ബോഡിനായ്കന്നൂരിലെ പൊതു പരിപാടിയില്‍ പങ്കെടുക്കും. താംബരത്തു നടക്കുന്ന പൊതുയോഗത്തില്‍ ടി.ടി.വി.ദിനകരന്‍ പങ്കെടുക്കും. അതേസമയം തിരുനെല്‍വേലി, മധുര, തിരുച്ചിറപ്പള്ളി, ആര്‍കെ നഗര്‍ എന്നിവിടങ്ങളില്‍ വന്‍ ജനാവലിയെ പങ്കെടുപ്പിച്ച് ജന്മവാര്‍ഷികാഘോഷം നടത്താനുള്ള തയാറെടുപ്പിലാണ് അമ്മ മക്കള്‍ മുന്നേറ്റ കഴകം. ശശികല പൊതുയോഗങ്ങളില്‍ പങ്കെടുക്കുമോ എന്ന കാര്യം പാര്‍ട്ടി വെളിപ്പെടുത്തിയിട്ടില്ല.