Thursday, May 16, 2024
indiaNewspolitics

ചിന്നമ്മ മതിയാക്കി, ബിജെപിയെ പിണക്കാതിരിക്കാന്‍

രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുന്നതായി അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ശശികല വിഭാഗത്തെയും അണ്ണാഡിഎംകെയെയും യോജിപ്പിക്കാന്‍ ബിജെപി നടത്തിയ അവസാന ശ്രമവും പരാജയപ്പെട്ടതിനു പിന്നാലെയാണു പ്രഖ്യാപനം. അധികാരവും പദവിയും ആഗ്രഹിച്ചിട്ടില്ലെന്നും അണ്ണാഡിഎംകെ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും പ്രസ്താവനയില്‍ ശശികല അഭ്യര്‍ഥിച്ചു. ശത്രു ഡിഎംകെയാണെന്നും അവരെ തോല്‍പിക്കണമെന്നും ആഹ്വാനമുണ്ട്.

തീരുമാനത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശശികല വഴങ്ങിയില്ലെന്ന് സഹോദരീപുത്രനും അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവുമായ ടി.ടി.വി.ദിനകരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും ദിനകരന്‍ വ്യക്തമാക്കി. എന്നാല്‍ ശശികലയുടെ പിന്‍മാറ്റം തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ സഖ്യത്തിനാകും ഗുണം ചെയ്യുക. 3 പതിറ്റാണ്ട് ജയലളിതയുടെ നിഴലായിരുന്ന ശശികല, ജയലളിത ജീവിച്ചിരുന്ന കാലത്ത് പ്രത്യക്ഷമായി രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നില്ല. ജയലളിതയുടെ മരണത്തിനു പിന്നാലെ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ്, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 4 വര്‍ഷത്തെ തടവിനു വിധിക്കപ്പെട്ടു ബെംഗളൂരു ജയിലിലായത്. ശശികല ജയിലിലായിരിക്കെ പാര്‍ട്ടിയിലെ സമവാക്യങ്ങള്‍ മാറി. അവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയ പുതിയ നേതൃത്വം ശശികല കുടുംബവുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നു വ്യക്തമാക്കി.

ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശശികല രാഷ്ട്രീയത്തില്‍ സജീവമാകുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടില്‍ അണ്ണാഡിഎംകെ നേതൃത്വം ഉറച്ചു നിന്നു. കഴിഞ്ഞയാഴ്ച ചെന്നൈയിലെത്തിയ അമിത് ഷാ വിഷയത്തില്‍ ഇടപെട്ടെങ്കിലും അണ്ണാഡിഎംകെ നേതൃത്വം വഴങ്ങിയില്ല. ശശികല സജീവമായി രംഗത്തിറങ്ങിയാല്‍ തെക്കന്‍ മേഖലയില്‍ അണ്ണാഡിഎംകെ വോട്ടുകള്‍ വിഭജിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഇതു ബിജെപിയുടെ അതൃപ്തിക്കു കാരണമാകുമെന്ന ആശങ്ക പിന്മാറ്റത്തിനു കാരണമായി പറയപ്പെടുന്നു. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ നിലനില്‍ക്കെ കേന്ദ്രത്തെ പിണക്കുന്നതു ബുദ്ധിയല്ലെന്ന തിരിച്ചറിവും പിന്മാറ്റത്തിനു പിന്നിലുണ്ട്. ശശികലയെ മുന്നില്‍ നിര്‍ത്തി തെക്കന്‍ തമിഴ്‌നാട്ടില്‍ കരുത്തു പ്രകടിപ്പിക്കാനുള്ള ദിനകരന്റെ നീക്കത്തിനു പിന്മാറ്റം കനത്ത തിരിച്ചടിയാണ്.