Saturday, April 27, 2024
keralaNewspolitics

ട്വന്റി-ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ആംആദ്മി പാര്‍ട്ടിയിലേക്കെന്ന് സൂചന

തിരുവനന്തപുരം:  ട്വന്റി-ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ആംആദ്മി പാര്‍ട്ടിയിലേക്കെന്ന് സൂചന. പുതിയ സംസ്ഥാന നേതൃത്വത്തെ കണ്ടെത്തുന്നതിനായി ജനുവരി 26 മുതല്‍ 29 വരെ എഎപി ഡല്‍ഹി സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.  തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ പ്രമുഖരുമായി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു. സാബു എം ജേക്കബിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്നാണ് എഎപിയിലെ ഭൂരിപക്ഷാഭിപ്രായമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ദേശീയ നേതൃത്വം ജനുവരി 23 ന് ആം ആദ്മി പാര്‍ട്ടി കേരള ഘടകം പിരിച്ചുവിട്ടിരുന്നു. പുതിയ നേതൃത്വത്തെ ഉടന്‍ തെരഞ്ഞെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോക്ടര്‍ സന്ദീപ് പതക് അറിയിച്ചിരുന്നു. ജനുവരി ആദ്യ പകുതുയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ആം ആദ്മി ഉന്നതതല യോഗത്തില്‍ കേരളത്തിലും ഒഡീഷയിലും നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ സജീവമാകണമെന്ന് തീരുമാനിച്ചിരുന്നു. അതിനു മുന്‍പായി താഴെതട്ട് മുതല്‍ സംഘടനയെ പുനഃസംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. കൂടുതല്‍ യുവാക്കളെയും പിന്നോക്ക വിഭാഗങ്ങളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന രീതിയില്‍ പുനസംഘടന നടപ്പാക്കാനായിരുന്നു പദ്ധതി.