Wednesday, April 24, 2024
keralaNewspolitics

സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന സംസ്ഥാനത്ത് ബജറ്റ് നാളെ ധനമന്ത്രി കെ എം ബാലഗോപാല്‍ അവതരിപ്പിക്കും. താത്കാലിക ആശ്വാസം കണ്ടെത്താന്‍ നികുതികളും ഫീസുകളും കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് പ്രഖ്യാപനം നാളെ ബജറ്റില്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. തദ്ദേശ സ്ഥാപനങ്ങളിലെയും വിവിധ സേവന നിരക്കുകള്‍, കെട്ടിട നികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയില്‍ വര്‍ദ്ധനവ് ഉണ്ടാകും. വില്ലേജ്- താലൂക്ക് എന്നിവിടങ്ങളിലെ സേവന നിരക്കുകളിലും കാര്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. വിപണി വിലയുടെ അടിസ്ഥാനമാക്കി ഭുമിയുടെ ന്യായവിലയും വര്‍ദ്ധിപ്പിച്ചേക്കും. കൂടാതെ തൊഴില്‍ നികുതിയും കൂട്ടാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ മദ്യത്തിന് വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഉണ്ടാകില്ല. നികുതി പിരവ് ഊര്‍ജ്ജിതമാക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനവും സംസ്ഥാന ബജറ്റില്‍ ഉണ്ടാകും.ബജറ്റിന്റെ മുന്നോടിയായി സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വെക്കും. നിലവില്‍ സംസ്ഥാനത്തിന്റെ പൊതുകടം നാല് ലക്ഷം കോടിയാണ്. ചരിത്രത്തില്‍ തന്നെ ഏറ്റവും അപകടകരമായ നിലയിലാണ് സംസ്ഥാനത്തിന്റെ പൊതുകടം തുടരുന്നതെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടിയിരുന്നു.