Tuesday, May 14, 2024
keralaNews

മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആര്‍.എല്‍.വി. രാമകൃഷ്ണന്‍.

മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ പോലീസിനോട് പറഞ്ഞു. ആരുടെ പേരും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.അതേസമയം, ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടികളുണ്ടാവുകയുള്ളൂവെന്ന് ചാലക്കുടി ഡി.വൈ.എസ്.പി. സി.ആര്‍. സന്തോഷ്‌കുമാര്‍, എസ്.എച്ച്.ഒ. കെ.എസ്. സന്ദീപ് എന്നിവര്‍ പറഞ്ഞു.ശനിയാഴ്ച രാത്രി ചാലക്കുടി ചേനത്തുനാടുള്ള കലാഗൃഹത്തില്‍ അബോധാവസ്ഥയില്‍ രാമകൃഷ്ണനെ കണ്ടെത്തുകയായിരുന്നു. അമിതമായി ഉറക്ക ഗുളിക കഴിച്ചുവെന്ന് താലൂക്ക് ആശുപത്രിയില്‍ ഡോക്ടറോട് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, അക്കാദമിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നായിരുന്നു ചെയര്‍പേഴ്സണ്‍ കെ.പി.എ.സി. ലളിതയുടെ പ്രതികരണം. ആര്‍.എല്‍.വി. രാമകൃഷ്ണനോട് താന്‍ പറഞ്ഞതായി പ്രചരിക്കുന്ന സംഭാഷണം സത്യവിരുദ്ധമാണ്. കൊവിഡ് കാലത്ത് പരീക്ഷണമായാണ് ഓണ്‍ലൈന്‍ പരിപാടി ആരംഭിച്ചത്. ഇതില്‍ നൃത്തപരിപാടികളെ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചയോ അപേക്ഷ ക്ഷണിക്കലോ തീരുമാനമോ ഉണ്ടായിട്ടില്ല. അതുകൊണ്ട്, രാമകൃഷ്ണന്റെ അപേക്ഷ തിരസ്‌കരിച്ചു എന്ന ആരോപണം ദുരുദ്ദേശ്യപരമാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.