Thursday, May 9, 2024
keralaNews

ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ടു …

ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍ പെട്ടത് ഇന്നലെ രാത്രിയോടെയാണെന്ന് കോസ്റ്റല്‍ പൊലീസ്. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം നടന്നതെന്നായിരുന്നു ഇന്നലെ പുറത്തുവന്ന വിവരം. അപകടം നടന്ന ശേഷം ബോട്ട് കടലില്‍ ആണ്ടുപോയെന്നാണ് കരുതുന്നത്. ബോട്ടിന് താഴ്ഭാഗത്തെ കാബിനില്‍ തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നുണ്ടോയെന്നു സംശയമുണ്ട്.

കാണാതായ ഒന്‍പത് പേര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. അതേസമയം അപകട കാരണം മീന്‍പിടുത്ത ബോട്ട് കപ്പല്‍ ചാലിലേക്ക് നിയന്ത്രണം വിട്ട് കയറിപ്പോയതാണെന്ന് കോസ്റ്റല്‍ പൊലീസ് പറയുന്നു. ബോട്ടിലെ സ്രാങ്ക് അബദ്ധത്തില്‍ ഉറങ്ങിപ്പോയതാവാം അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. കപ്പലിന് പുറകില്‍ ബോട്ട് ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ടവരുടെ മൊഴി പ്രകാരമാണ് ഈ നിഗമനത്തിലെത്തിയതെന്ന് കോസ്റ്റല്‍ പൊലീസ് പറഞ്ഞു.

മംഗലപുരത്ത് നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. മൂന്ന് പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പേരെ മംഗളുരു വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി.

കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലിലാണ് രക്ഷപ്പെട്ടവരെയും മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളും മംഗലാപുരത്ത് എത്തിച്ചത്. അപകടത്തില്‍പ്പെട്ടവരില്‍ ഏഴ് പേര്‍ തമിഴ്‌നാട്ടുകാരും മറ്റുളളവര്‍ ബംഗാള്‍, ഒഡീഷ സ്വദേശുകളുമാണ്. മരിച്ചവരില്‍ രണ്ട് പേര്‍ തമിഴ്നാട് സ്വദേശികളും ഒരാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ്.