Friday, April 19, 2024
keralaNews

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍ ലേലത്തില്‍ സ്വന്തമാക്കി അമല്‍ മുഹമ്മദ്

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍ ലേലത്തില്‍ സ്വന്തമാക്കി എറണാകുളം സ്വദേശി അമല്‍ മുഹമ്മദ്. 15,10,000 രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. ഗുരുവായൂരപ്പന്റെ ഭക്തനാണ് അമല്‍ മുഹമ്മദ്. വൈകീട്ട് മൂന്ന് മണിയ്ക്കായിരുന്നു ലേലം ആരംഭിച്ചത്. അമല്‍ മുഹമ്മദിനായി സുഹൃത്ത് സുഭാഷ് പണിക്കരാണ് ക്ഷേത്രത്തില്‍ എത്തി ലേലത്തില്‍ പങ്കെടുത്തത്. 15 ലക്ഷം രൂപയാണ് ഥാറിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരുന്നു ലേലം നടന്നത്. 21 കാരനായ മകന് സമ്മാനം നല്‍കുന്നതിനാണ് അമല്‍ മുഹമ്മദ് ഥാര്‍ ലേലത്തില്‍ സ്വന്തമാക്കിയത്. അദ്ദഹം കുടുംബവുമൊത്ത് വര്‍ഷങ്ങളായി ബഹറിനിലാണ്. സുഭാഷ് ആണ് ലേല വിവരം അദ്ദേഹത്തെ അറിയിച്ചത്.

ഗുരുവായൂരപ്പന്റെ അകമഴിഞ്ഞ ഭക്തനാണ് അമല്‍ മുഹമ്മദെന്ന് ലേലത്തില്‍ പങ്കെടുത്ത സുഭാഷ് പണിക്കര്‍ പറഞ്ഞു. മുഹമ്മദ് തന്റെ അടുത്ത സുഹൃത്താണ്. ഥാര്‍ ലേലം ചെയ്യുന്ന വിവരം താനാണ് അറിയിച്ചത്. ഭഗവാന്റേത് ആയതിനാല്‍ എന്ത് വിലകൊടുത്തും സ്വന്തമാക്കണമെന്ന് ആയിരുന്നു മുഹമ്മദ് നല്‍കിയ നിര്‍ദ്ദേശം. ഗുരുവായൂരപ്പനെ മുഹമ്മദിന് വലിയ ഇഷ്ടമാമെന്നും സുഭാഷ് പണിക്കര്‍ വ്യക്തമാക്കി. അതേസമയം ഥാര്‍ അമലിന് നല്‍കുന്നത് വിശദമായി ആലോചിച്ച ശേഷമായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രതികരിച്ചു. ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ് യുവി ഥാര്‍ സമര്‍പ്പിച്ചത്.