Friday, May 10, 2024
keralaNewspolitics

കുഞ്ഞിനെ സാക്ഷിയാക്കി അനുപമയ്ക്കും അജിത്തിനും വിവാഹം

കുഞ്ഞിനെ സാക്ഷിയാക്കി അനുപമയ്ക്കും അജിത്തിനും വിവാഹം. വിവാദമായ ദത്ത് കേസിലെ പരാതിക്കാരി അനുപമയും പങ്കാളി അജിത്തും പട്ടം സബ്്രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരായി. കുഞ്ഞുമൊത്ത് പുതിയ ജീവിതത്തിലേയ്ക്ക് കടക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അനുപമയും അജിത്തും പ്രതികരിച്ചു. അനുപമയും അജിത്തും ഔദ്യോഗികമായി കൈപിടിച്ചു. മകന്‍ എയ്ഡന്റെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു സാക്ഷി. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ പട്ടം സബ്‌റജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം. ദൂരമൊരുപാട് താണ്ടിയാണ് സന്തോഷം നിറയുന്ന ഈ കുടുംബചിത്രത്തിലേയ്ക്ക് ഇവരെത്തിയത്.

കുട്ടിക്കടത്ത് നടത്തിയെന്ന അനുപമയുടെ പരാതിയാണ് വന്‍വിവാദമായത്. ആദ്യന്തം നാടകീയത നിറഞ്ഞ നീക്കങ്ങള്‍ക്കൊടുവില്‍ നെഞ്ചുപൊടിയുന്ന വേദനയോടെ ദത്തെടുത്ത ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ കുഞ്ഞിനെ തിരികെ നല്കി. ഒരുവര്‍ഷത്തിനുശേഷം മടക്കിക്കിട്ടിയ നിധി നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് അനുപമയും അജിത്തും പുതുവര്‍ഷത്തില്‍ പുതുജീവിതത്തിലേയ്ക്ക് കടക്കുന്നത്.