Monday, April 29, 2024
keralaNewspolitics

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സര്‍ക്കാരിന് അലംഭാവം

കൊച്ചി: പോപുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സര്‍ക്കാരിന് അലംഭാവമെന്ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. അക്രമ സംഭവങ്ങളില്‍ ഭാരവാഹികളുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് രൂക്ഷ വിമര്‍ശനം ഉണ്ടായത്.   കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവിനോട് അനാദരവ് കാട്ടുന്നു,

റവന്യൂ റിക്കവറി നടപടികള്‍ക്ക് കൂടുതല്‍ സമയം വേണമെന്നത് അസ്വീകാര്യം, സംസ്ഥാന സര്‍ക്കാരിന്റെ മെല്ലപ്പോക്ക് അലംഭാവമാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. കേസില്‍ ജനുവരി 31 ന് ഉള്ളില്‍ റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കും.

അടുത്ത വെള്ളിയാഴ്ച ആഭ്യന്തര വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരായി സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസാണ് കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറിയായിരുന്ന അബ്ദുള്‍ സത്താറിന്റെയടക്കം സ്വത്തുക്കള്‍ കണ്ടുകെട്ടി നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.                                                                                                                                                                                              കോടതി നിര്‍ദ്ദേശ പ്രകാരം നഷ്ടം കണക്കാക്കാനുള്ള ക്ലെയിംസ് കമ്മീഷണറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കമ്മീഷണര്‍ക്കു വേണ്ട സഹായങ്ങള്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഹര്‍ത്താലിനിടെയുണ്ടായ ആക്രമണങ്ങളില്‍ 5.2 കോടി രൂപ നഷ്ട പരിഹാരത്തുക രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിവയ്ക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സെപ്റ്റംബര്‍ 29 നായിരുന്നു ഇടക്കാല ഉത്തരവിട്ടത്.

തുക കെട്ടിവച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടു കെട്ടാനുമായിരുന്നു കോടതി നിര്‍ദേശം. നഷ്ടപരിഹാര തുകയില്‍ ഇളവനുവദിക്കണമെന്ന അബ്ദുള്‍ സത്താറിന്റെ ആവശ്യം ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, സിപി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് കഴിഞ്ഞ തവണ തള്ളിയിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.