Thursday, May 9, 2024
keralaNewsUncategorized

പഴയിടത്തെ ചേര്‍ത്ത് പിടിച്ച് ഗോപിനാഥ് മുതുകാട്

കൊച്ചി : ഭിന്നശേഷിക്കാരുടെ കലോത്സവമായ സമ്മോഹനില്‍, ഒരു പരാതി പോലും ഉയരാത്ത വിധം ഇഷ്ടവിഭവങ്ങള്‍ ഒരുക്കിയ പഴയിടം മോഹനന്‍ നമ്പൂതിരിക്ക് നന്ദി പറഞ്ഞ് ഗോപിനാഥ് മുതുകാട്. സമ്മോഹന്‍ അവസാനിച്ചതിന് പിന്നാലെ മുതുകാട് ഫേസ്ബുക്കിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത് . ഒപ്പം പഴയിടത്തെ ചേര്‍ത്ത് പിടിച്ചുള്ള ചിത്രവും പങ്ക് വച്ചിട്ടുണ്ട് .    തളര്‍ച്ചയിലും ഞങ്ങള്‍ ചിരിച്ചു………..                                                                  സമ്മോഹന്റെ മൂന്നാം നാളിലെ ആഘോഷങ്ങളും അവസാനിപ്പിച്ച് രാത്രി പതിനൊന്ന് മണിയോടെ ഞാന്‍ അവശനായി നിലത്ത് തളര്‍ന്നു കിടക്കുമ്പോള്‍ പഴയിടം മോഹനന്‍ നമ്പൂതിരി അരികിലേക്ക് വന്നു. അദ്ദേഹം അതിനേക്കാള്‍ അവശനായിരുന്നു. കഴിഞ്ഞ മൂന്ന് ദിനരാത്രങ്ങളില്‍ രണ്ടായിരത്തിലേറെ ഭിന്നശേഷിക്കാരെ ഊട്ടാന്‍ ഉറക്കമിളച്ച് അദ്ദേഹം പാടുപെടുകയായിരുന്നു. ഉത്തരേന്ത്യന്‍ വിഭവങ്ങളും കേരളത്തിന്റെ വിഭവങ്ങളും വേറെവേറെയുണ്ടാക്കി, വന്നവരെ മുഴുവന്‍ വയറൂട്ടിയതിന്റെ ഫലമായി, ഒരു പരാതിപോലും പറയാനില്ലാതെ നന്ദി പറഞ്ഞ് വന്നവര്‍ മടങ്ങിപ്പോകുമ്പോള്‍ സത്യത്തില്‍ നിറഞ്ഞത് എന്റെ മനസ്സായിരുന്നു.

പഴയിടം പറഞ്ഞു: ”എല്ലാം നന്നായി കഴിഞ്ഞല്ലോ……….
ഇനി നമുക്ക് ഒരു ഫോട്ടോ എടുക്കണം.’

വിയര്‍ത്തൊട്ടിയ ശരീരങ്ങള്‍ ഒന്നായി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഫോട്ടോഗ്രാഫര്‍ പറഞ്ഞു… ‘സ്മൈല്‍ പ്‌ളീസ്…’

ഞങ്ങള്‍ ചിരിക്കാന്‍ ശ്രമിച്ചു… തളര്‍ച്ചയിലെ ചിരി…………..

നന്ദി പഴയിടം സാര്‍… ഒരു പരാതിപോലുമില്ലാതെ സ്‌നേഹം കൊണ്ട് അവരുടെ മനസ്സും ഇഷ്ടവിഭവങ്ങളെക്കൊണ്ട് അവരുടെ വയറും നിറച്ചതിന്…- ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.