Tuesday, May 14, 2024
keralaNewsObituary

മൂവാറ്റുപുഴയില്‍ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

മൂവാറ്റുപുഴയില്‍ ഇടിമിന്നലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇതോടെ മരണം രണ്ടായി. ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് മഠത്തിക്കുന്നേല്‍ എം.എം ജിജോ (42)ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റു കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.10 ഓടെയായിരുന്നു മരണം. അപകടത്തില്‍ മറ്റ് അഞ്ച് പേര്‍ ചികിത്സയിലുണ്ട്.

ഈസ്റ്റ് വാഴപ്പിള്ളി സ്വദേശികളായ മഠത്തിക്കുന്നേല്‍ ജോജോ എം.എം (36),ജിജി എം എം (39),പാപ്പനേത്ത് നിതീഷ് കുമാര്‍ (29),തെരുവംകുന്നേല്‍ ജോബി (40),വാഴക്കാലയില്‍ രാജു (52) എന്നിവരാണ് ചികിത്സയിലുള്ളത്. ഞായറാഴ്ച വൈകുന്നേരം ആറോടെയുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലുമാണ് അപകടമുണ്ടായത്. തടിപ്പണിക്കാരായ ഇവര്‍ പണികഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ ശക്തമായ ഇടിയും മഴയും മൂലം റബര്‍ തോട്ടത്തിനുള്ളിലെ ഷെഡില്‍ കയറിനിന്നപ്പോഴാണ് മിന്നലേറ്റത്. ഉടന്‍ തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിച്ചു.ഗുരുതരമായി പൊള്ളലേറ്റതിനാല്‍ ജിജോയെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ; പ്രതിഭ മക്കള്‍: നെവിന്‍, നെല്‍വിന്‍.