Friday, May 17, 2024
keralaNewspolitics

രണ്ടാം പിണറായി സര്‍ക്കാരില്‍ റവന്യൂ, കൃഷി വകുപ്പുകള്‍ ആവശ്യപ്പെട്ട് ജോസ് കെ മാണി

രണ്ടാം പിണറായി സര്‍ക്കാരില്‍ റവന്യൂ, കൃഷി വകുപ്പുകള്‍ ആവശ്യപ്പെട്ട് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്. അഞ്ച് എം എല്‍ എമാരുള്ള പാര്‍ട്ടിക്ക് രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യം. മന്ത്രിസ്ഥാനവും വകുപ്പും സംബന്ധിച്ച് സി പി എം- കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടന്നു.അതേസമയം, കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന റവന്യവും കൃഷിയും ഇപ്പോള്‍ സി പി ഐയുടെ പക്കലാണുളളത്. ഇതു വിട്ടുനല്‍കാന്‍ സി.പി.ഐ തയ്യാറായേക്കില്ല. സി പി എമ്മും സി പി ഐയും തമ്മില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുകയുളളൂ.

ആവശ്യപ്പെടുന്ന രണ്ട് വകുപ്പുകളും കിട്ടിയില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പിലാണ് ജോസ് വിഭാഗത്തിന്റ നോട്ടം. സി പി എം കൈവശം വച്ചിരിക്കുന്ന വകുപ്പില്‍ കെ സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നു. സി പി ഐ അയഞ്ഞില്ലെങ്കില്‍ ജോസ് വിഭാഗത്തിന് പൊതുമരാമത്ത് വിട്ടുനല്‍കാന്‍ സി പി എം തയ്യാറായേക്കും.ഇടുക്കി എം എല്‍ എ റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പിള്ളി എം എല്‍ എ എന്‍ ജയരാജ് എന്നിവര്‍ക്ക് വേണ്ടിയാണ് കേരള കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്. ഒരു മന്ത്രിസ്ഥാനമേ ലഭിക്കുകയുള്ളൂവെങ്കില്‍ റോഷി അഗസ്റ്റിനായിക്കും മന്ത്രി. അതേസമയം, പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കോട്ടയത്തിന് മന്ത്രിയെ വേണമെന്ന ആവശ്യവും ശക്തമാണ്.ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ ഇവയില്‍ ഏതെങ്കിലും ഒന്നും എന്ന നിര്‍ദേശം വന്നാലും കേരള കോണ്‍ഗ്രസ് സ്വീകരിക്കും. അങ്ങനെയങ്കില്‍ റോഷി മന്ത്രിയും എന്‍ ജയരാജ് ക്യാബിനറ്റ് റാങ്കോടു കൂടിയ അടുത്ത പദിവിയിലും എത്തും.