Tuesday, May 14, 2024
keralaNewspolitics

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന പൊലീസിന്റെ കുറ്റപത്രം തള്ളി ഫൊറന്‍സിക് റിപ്പോര്‍ട്ട്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകത്തില്‍ കലാശിച്ചതെന്നും രാഷ്ട്രീയ ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍, നേതാക്കള്‍ എന്നിവരെക്കുറിച്ചൊന്നും പ്രതിപ്പട്ടികയിലുള്ളവരുടെയും കൊല്ലപ്പെട്ടവരുടെയും ഫോണ്‍ സംഭാഷണങ്ങളില്‍ പരാമര്‍ശിച്ചിട്ടില്ല. ഇവരുടെ മൊബൈല്‍ ഫോണുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നാണു രാഷ്ട്രീയ കൊലപാതകമല്ലെന്ന നിഗമനത്തില്‍ എത്തിയതെന്നും നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഫൊറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബൈക്കില്‍ പോവുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവര്‍ കഴിഞ്ഞ ഓഗസ്റ്റ് 30ന് രാത്രിയില്‍ പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയിലാണു വെട്ടും കുത്തുമേറ്റു കൊല്ലപ്പെട്ടത്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച സിപിഎം ഗൗരവത്തോടെയാണ് സംഭവം ചര്‍ച്ചാവിഷയമാക്കിയത്. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും 13 മന്ത്രിമാരും കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചു. ഓരോ കുടുംബത്തിനും 49,25,100 രൂപ വീതം സമാഹരിച്ചു നല്‍കി. സിപിഎം നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി കരിദിനാചരണവും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു. സത്യം പുറത്തു വരാന്‍ സിബിഐ അന്വേഷണം വേണമെന്ന് അടൂര്‍ പ്രകാശ് എംപി ആവശ്യപ്പെട്ടപ്പോള്‍ കേരള പൊലീസ് തന്നെ കേസ് തെളിയിക്കുമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.