Wednesday, May 15, 2024
keralaNewsObituary

ഡോ.വന്ദന ദാസിന്റെ കൊലപാതകം: മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

കോട്ടയം: പൊലീസ് ആശുപത്രിയിലെത്തിച്ചയാള്‍ കൊലപ്പെടുത്തിയ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മാതാപിതാക്കള്‍ വിമര്‍ശിച്ചു. സുരക്ഷാവീഴ്ചകള്‍ പരിശോധിച്ചില്ല. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെടുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ഡോ വന്ദന ദാസ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തില്‍ നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തല്‍. ഫോറന്‍സിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയില്‍ മദ്യത്തിന്റെയോ – ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. രാത്രി ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ആശുപത്രിയിലെത്തിക്കുമ്പോള്‍ വന്ദനയെ കൊലപ്പെടുത്താനും മറ്റ് ആളുകളെ കുത്തി മുറിവേല്‍പിക്കാനും കാരണമായത് സന്ദീപിനുള്ളിലെ ലഹരി ആയിരുന്നു എന്നായിരുന്നു സംശയം. എന്നാല്‍ ഇയാളുടെ പരിശോധന ഫലത്തില്‍ ലഹരിയുടെ സാന്നിദ്ധ്യമില്ല. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചിരുന്നു.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസിനെയടക്കം രൂക്ഷമായി വിമര്‍ശിച്ച് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ രംഗത്തെത്തിയിരുന്നു. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസ് സംഭവ സമയത്ത് ഇടപെട്ടതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അവര്‍ പറഞ്ഞു. വന്ദനയെ രക്ഷിക്കാന്‍ ഒരു ശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു. പരിക്കേറ്റ അക്രമിയെ നാല് പേര്‍ക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ലെന്ന് അവര്‍ വിമര്‍ശിച്ചു. വന്ദന രക്ഷപ്പെടുത്തമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ആരും സഹായിക്കാനുണ്ടായില്ല. അക്രമിക്കപ്പെട്ട ആശുപത്രിയില്‍ പ്രാഥമിക ചികിത്സ പോലും വന്ദനയ്ക്ക് നല്‍കിയില്ല. ഇത്രയധികം ദൂരം വന്ദനയ്ക്ക് ചികിത്സ നല്‍കാന്‍ കൊണ്ടുപോയത് ആരുടെ തീരുമാനമായിരുന്നുവെന്നും അവര്‍ ചോദിച്ചു.കേരള പൊലീസിന് ഒരു പെണ്‍കുട്ടിയെ പോലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും രേഖ ശര്‍മ്മ കുറ്റപ്പെടുത്തി. പൊലീസ് അന്വേഷണത്തില്‍ വന്ദനയുടെ മാതാപിതാക്കള്‍ക്ക് പരാതിയുണ്ട്. സിബിഐ അന്വേഷണം മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു. ഒരു കോടി രൂപ കുടുംബം ധനസഹായം ആവശ്യപ്പെട്ടുവെന്നത് തെറ്റായ കാര്യമാണ്. അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ ദേശീയ വനിത കമ്മീഷന്‍ കേരള പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കി.