Friday, May 3, 2024
keralaNews

മുദ്രപത്രത്തിന് ക്ഷാമം; 50 രൂപയുടെ ആവശ്യത്തിന് 500 രൂപയുടെ പത്രം വാങ്ങണം.

വിവിധ ആവശ്യങ്ങള്‍ക്ക് മുദ്രപത്രം ലഭിക്കാത്തത് ജനങ്ങളെ വലക്കുന്നു. 20, 50, 100 രൂപയുടെ സ്റ്റാമ്പ് പേപ്പറാണ് കിട്ടാനില്ലാത്തത്. 50 രൂപയുടെ ആവശ്യത്തിനുപോലും 500 രൂപയുടെ മുദ്രപത്രം വാങ്ങിക്കേണ്ട സ്ഥിതിയാണ്.

പട്ടികജാതിക്കാര്‍ക്കുള്ള പഠന ക്ലാസ് മുറിക്ക് പട്ടികജാതി വകുപ്പ് ഓഫിസില്‍ അപേക്ഷ നല്‍കാന്‍ 200 രൂപക്കുള്ള സ്റ്റാമ്പ് പേപ്പറാണ് ആവശ്യമുള്ളത്. ഇതിനായി അപേക്ഷകര്‍ നെട്ടോട്ടമാണ്. അപേക്ഷിക്കേണ്ട അവസാന ദിനം വന്നതോടെ കൂടിയ വിലയുള്ള മുദ്രപത്രം വാങ്ങി അപേക്ഷിക്കുകയാണ് ചെയ്യുന്നത്. നിര്‍ധനരാണ് കൂടുതല്‍ അപേക്ഷകരും. വിവിധ കരാറുകള്‍ എഴുതുന്നതിനും കുറഞ്ഞ വിലയുടെ മുദ്രപത്രത്തിനാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.കോവിഡ് രോഗവ്യാപനം വന്നതോടെയാണ് മുദ്രപത്രം എത്താന്‍ വൈകുന്നത്. മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നാണ് സ്റ്റാമ്പ് പേപ്പര്‍ വരുന്നത്. കഴിഞ്ഞ ആഴ്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 50 രൂപയുടെ സീല്‍ ചെയ്ത മുദ്രപേപ്പറും വിപണിയിലുണ്ടായിരുന്നു. അതും ഇപ്പോള്‍ കിട്ടാനില്ല. അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പും കിട്ടാനില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ നല്‍കുന്ന ഏത് അപേക്ഷകളിലും സ്റ്റമ്പിന് പത്ത് രൂപയുടെ ഉപയോഗിക്കേണ്ട ഗതികേടിലാണ് ജനം.