Monday, April 29, 2024
indiaNews

മിസോറാമില്‍ മെയ് 10 മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

രാജ്യത്ത് കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മിസോറാമില്‍ മെയ് പത്ത് മുതല്‍ ഒരാഴ്ച്ചത്തേക്ക് സര്‍ക്കാര്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് പത്തിന് രാവിലെ 4 മുതല്‍ മെയ് 17 ന് രാവിലെ 4 വരെയാണ് ലോക്ക്ഡൗണ്‍.ഇതുസംബന്ധിച്ച ഉത്തരവ് മിസോറാം ചീഫ് സെക്രട്ടറി ലാല്‍നുന്‍മാവിയ ചുവാങ്കോ പുറത്തിറക്കി. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ അനിവാര്യമാണെന്ന് ഉത്തരവില്‍ ചീഫ് സെക്രട്ടറി പറയുന്നു.

അതേസമയം, സംസ്ഥാനത്തെ അതിര്‍ത്തി അടക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപിച്ച എന്‍ട്രി പോയിന്റുകളിലൂടെ മാത്രമേ പുറത്തു നിന്നുള്ളവര്‍ക്കും സംസ്ഥാനത്തേക്ക് തിരിച്ചു വരുന്നവര്‍ക്കും പ്രവേശനമുണ്ടായിരിക്കുകയൂള്ളൂ. കൂടാതെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കൈവശമുണ്ടാകണം. പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും ഇവര്‍ക്ക് ബാധകമാണ്. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാര്‍ക്ക്, പിക്നിക് സ്പോട്സ്, തിയേറ്ററുകള്‍, ജിംനേഷ്യം, കമ്യൂണിറ്റി ഹാള്‍, റസ്റ്റോറന്റുകള്‍, ഷോപ്പിങ് കോംപ്ലക്സ്, മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കില്ല.

ആരോഗ്യം, കുടുംബക്ഷേമം, വീട്, ദുരന്തനിവാരണ, പുനരധിവാസം, ധനകാര്യം, വിവരങ്ങള്‍, പബ്ലിക് റിലേഷന്‍സ്, സിവില്‍ ഏവിയേഷന്‍, ജില്ലാ ഭരണകൂടം, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഓഫീസുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പൂട്ടിയിരിക്കും.എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളും രാത്രി 7 നും പുലര്‍ച്ചെ 4 നും ഇടയില്‍ അതത് ജില്ലാ ആസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും.കഴിഞ്ഞ ദിവസം 235 പുതിയ കോവിഡ് കേസുകളാണ് മിസോറാമില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1,906 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.