Sunday, May 12, 2024
keralaNews

വി കെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി

അടുത്ത ഒരു വര്‍ഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ നടന്ന നറുക്കെടുപ്പിലാണ് മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്. വികെ ജയരാജ് പോറ്റിയാണ് ശബരിമല മേല്‍ശാന്തി യായി നറുക്കെടുക്കപ്പെട്ടത്. മാളികപ്പുറം മേല്‍ശാന്തിയായി എംഎന്‍ രജികുമാറിനെയും തിരഞ്ഞെടുത്തു.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് വാരിക്കാട്ട് മഠത്തില്‍ ജയരാജ് പോറ്റി. 2005-2006 സമയത്ത് അദ്ദേഹം മാളികപ്പുറം മേല്‍ശാന്തിയായിരുന്നു. മൈലക്കോടത്ത് മനയ്ക്കല്‍ രജി കുമാര്‍ എംഎന്‍ എറണാകുളം അങ്കമാലി കിടന്നൂര്‍ സ്വദേശിയാണ്. മേല്‍ശാന്തിമാര്‍ക്കുള്ള അന്തിമ പട്ടികയില്‍ ഒന്‍പത് പേരും മാളികപ്പുറം മേല്‍ശാന്തിമാരുടെ പട്ടികയില്‍ പത്ത് പേരുമാണ് ആകെയുണ്ടായിരുന്നത്.
അതേസമയം, തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതരി നട തുറന്ന് ദീപം തെളിയിച്ചു. ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം നടത്താം. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് അഞ്ചിന് ക്ഷേത്രനട തുറന്ന് നിര്‍മാല്യ ദര്‍ശന നടന്നു. തുടര്‍ന്ന് പതിവ് അഭിഷേകവും നെയ്യഭിഷേകവും നടന്നു.

കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് 17 മുതല്‍ 21 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദിവസേന 250 പേര്‍ എന്ന കണക്കില്‍ അയ്യപ്പഭക്തര്‍ക്ക് ശബരിയില്‍ ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് ഇല്ലെന്ന് 48 മണിക്കൂര്‍ മുമ്പ് നടത്തിയ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ദര്‍ശനത്തിനായി എത്തുന്ന ഓരോ അയ്യപ്പഭക്തര്‍ക്കും നിര്‍ബന്ധമാണ്.

ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ആചാരപ്രകാരമുള്ള സാധനങ്ങള്‍ കൂടാതെ പരമാവധി കുറച്ചു സാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവു എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു. സാനിറ്റൈസര്‍, കൈയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം. നല്ല ഗുണനിലവാരമുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്‌ക്കുകള്‍ കരുതണം. ദര്‍ശനത്തിന് എത്തുന്നവര്‍ 48 മണിക്കൂറിനകം ലഭ്യമായ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതാണ്.