Tuesday, May 7, 2024
keralaNewsUncategorized

ഭര്‍ത്താവും – ബന്ധുക്കളും അടക്കം ആറംഗ സംഘം അറസ്റ്റില്‍

മാവേലിക്കര: യുവതിയുടെ ശരീരത്തില്‍ ജിന്ന് കയറിയെന്നാരോപിച്ച് ദുര്‍മന്ത്രവാദം നടത്തിയ സംഭവത്തില്‍ ഭര്‍ത്താവും – ബന്ധുക്കളും അടക്കം ആറംഗ സംഘം അറസ്റ്റില്‍. അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ ഫാത്തിമയാണ് (25) നൂറനാട് പോലീസിലാണ് പരാതി നല്‍കിയത്. മൂന്ന് തവണ ദുര്‍മന്ത്രവാദം നടത്തിയിട്ടുണ്ടെന്നും തന്നെ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് അടൂര്‍ പഴകുളം ചിറയില്‍ കിഴക്കതില്‍ അനീഷ് (34), ബന്ധുക്കളായ ഷാഹിന (23), ഷിബു(31), മന്ത്രവാദികളായ കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദീന്‍ മന്‍സിലില്‍ അന്‍വര്‍ ഹുസൈന്‍ (28), കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദീന്‍ മന്‍സിലില്‍ ഇമാമുദീന്‍ (35), പുനലൂര്‍ തിങ്കള്‍ക്കരിക്കം ചന്ദനക്കാവ് ബിലാല്‍ മന്‍സിലില്‍ സുലൈമാന്‍ (52) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഓഗസ്റ്റ് മാസം മുതല്‍ മൂന്ന് തവണ യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ വെച്ചാണ് ആദ്യത്തെ തവണ ഇത് നടന്നത്. ദുര്‍മന്ത്രവാദത്തെ എതിര്‍ത്ത യുവതിയെ അന്ന് വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ തവണ പ്രതികളിലൊരാളുടെ വീട്ടിലെത്തിക്കുകയായിരുന്നു. അന്ന് എല്ലാവരും ചേര്‍ന്ന് യുവതിയെ ഉപദ്രവിച്ചു. കഴിഞ്ഞ 11 നാണ് മൂന്നാമത്തെ തവണ ദുര്‍മന്ത്രവാദം നടത്തിയത്. ആദിക്കാട്ടുകുളങ്ങരയിലെ വാടകവീട്ടിലെത്തിച്ച് ബലാല്‍ക്കാരമായി ദുര്‍മന്ത്രവാദ ക്രിയകള്‍ നടത്തുകയും എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മരിച്ച് പോകുമെന്ന് ഭയന്നാണ് പോലീസിനെ സമീപിച്ചത്. ഫാത്തിമയുടേത് രണ്ടാം വിവാഹമായിരുന്നു. കടുത്ത അന്ധവിശ്വാസിയായിരുന്ന അനീഷ് ഭാര്യയുടെ ദോഷങ്ങള്‍ മാറാനെന്ന് പറഞ്ഞ് പുറകെ നടന്ന് ഓതുന്നത് പതിവായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ഫാത്തിമയുടെ ദേഹത്ത് ജിന്ന് കയറിയെന്നും അതിനെ ഒഴിപ്പിക്കണമെന്നും പറഞ്ഞു.ആദ്യമൊക്കെ ഇതിനെ എതിര്‍ത്ത ഫാത്തിമയെ അനീഷും കൂട്ടാളികളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. ദുര്‍മന്ത്രവാദം സമീപവാസികള്‍ ആരെങ്കിലും ചോദ്യംചെയ്താല്‍ ഫാത്തിമയ്ക്ക് ഭ്രാന്താണെന്നാണ് ഇവര്‍ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നത്. ഫാത്തിമ ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചശേഷം പരിഹാരമായി ദുര്‍മന്ത്രവാദം ചെയ്യുകയാണ് പ്രതികളുടെ പതിവെന്ന് നൂറനാട് സിഐ പി. ശ്രീജിത്ത് പറഞ്ഞു. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.