Sunday, May 19, 2024
keralaNewspolitics

സൈബര്‍ ആക്രമണം:  ഉമ്മന്‍ചാണ്ടിയുടെ മകള്‍ പൊലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഉണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ ചാണ്ടി പൊലീസില്‍ പരാതി നല്‍കി . തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയകളിലൂടെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയിലെ ആരോപണം. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഎം സൈബര്‍ സംഘങ്ങളാണെന്നും മറിയ ആരോപിക്കുന്നു. വ്യക്തിപരമായി അധിക്ഷേപിച്ചുള്ള സ്‌ക്രീന്‍ ഷോട്ടുകളും കമന്റുകളും സഹിതമാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. മരിച്ചിട്ടും തന്റെ പിതാവിനോടുള്ള ദേഷ്യം തീര്‍ക്കാനടക്കമാണ് ശ്രമമെന്നും പരാതിയില്‍ പറയുന്നു. നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മനും സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേല്‍ കേസ് എടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായിരുന്ന നന്ദകുമാര്‍ കൊളത്താപ്പിളളിക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റിട്ടതിനാണ് അച്ചുവിന്റെ പരാതിയില്‍ കേസെടുത്തത്. പരാതിക്ക് പിന്നാലെ നന്ദകുമാര്‍ ക്ഷമാപണം നടത്തിയിരുന്നു.