അഹമ്മദാബാദ്: അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ മികച്ച നിലയില്‍. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 480 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെന്ന നിലയിലാണ്. സെഞ്ചുറിയുമായി ഗില്ലും റണ്‍സൊന്നുമെടുക്കാതെ വിരാട് കോലിയും ക്രീസില്‍. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യയുടെ തിരിച്ചടി. ആദ്യം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും,തുടര്‍ന്ന് ചേതേശ്വര്‍ പൂജാരയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. എട്ട് വിക്കറ്റ് ശേഷിക്കെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താല്‍ ഇന്ത്യക്കിനിയും 292 റണ്‍സ് കൂടി വേണം.ഓപ്പണിംഗ് വിക്കറ്റില്‍ 74 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ(35) മടങ്ങിയത് ആദ്യ സെഷനില്‍ ഇന്ത്യക്ക് തിരിച്ചടിയായെങ്കില്‍ ലഞ്ചിനുശേഷം ഗില്ലും പൂജാരയും ചേര്‍ന്ന് ഓസ്‌ട്രേലിയയുടെ പ്രതീക്ഷകള്‍ ബൗണ്ടറി കടത്തി. 90 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തിയ ഗില്‍ 194 പന്തില്‍ രണ്ടാം ടെസ്റ്റ് സെഞ്ചുറി കുറിച്ചു. ഗില്‍ സെഞ്ചുറി തികച്ചതിന് പിന്നാലെ ഇന്ത്യക്ക് പൂജാരയുടെ വിക്കറ്റ് നഷ്ടമായി. മര്‍ഫിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പൂജാര പുറത്തായത്. 121 പന്ത് നേരിട്ട പൂജാര 42 റണ്‍സെടുത്ത് മടങ്ങി. രണ്ടാം വിക്കറ്റില്‍ ഗില്ലിനൊപ്പം 113 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയശേഷമാണ് പൂജാര മടങ്ങിയത്.ബാറ്റര്‍മാരെ തുണക്കുന്ന പിച്ചില്‍ വിരാട് കോലി തന്റെ സെഞ്ചുറി വരള്‍ച്ചക്ക് വിരാമമിടുമോ എന്നാണ് ഇനി ആരാധകര്‍ ഉറ്റുനോക്കുന്നത്. നേരത്തെ, ഉസ്മാന്‍ ഖവാജ (180), കാമറോണ്‍ ഗ്രീന്‍ (114) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ആര്‍ അശ്വിന്‍ ആറ് വിക്കറ്റ് നേടിയിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് രോഹിത് മടങ്ങുന്നത്. ഷോര്‍ട്ട് കവറില്‍ മര്‍നസ് ലബുഷെയ്നിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങുന്നത്. ഒരു സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്.