Wednesday, May 8, 2024
indiaNewsObituary

മധ്യപ്രദേശിലെ മൊറേനയില്‍ സുഖോയ് -30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നു വീണത്

ദില്ലി: മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു. അപകടത്തെ സംബന്ധിച്ച് അന്വേഷണം തുടങ്ങി വ്യോമസേന. അപകടകാരണം വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതാണോ എന്നതാണ് അന്വേഷിക്കുക. അപകടത്തില്‍ രണ്ട് വിമാനങളും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.കഴിഞ്ഞ ദിവസം പുലര്‍ച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങിയ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നു വീണത്. ഇരുവിമാനങ്ങളും പരിശീലനത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകട കാരണം കണ്ടെത്താന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. സുഖോയ് വിമാനത്തില്‍ രണ്ട് പൈലറ്റുമാരും മിറാഷില്‍ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് വിമാനത്തിലെ രണ്ട് പേരെ പരിക്കുകളോട് രക്ഷപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലുമായിട്ടാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മോറേനയില്‍ വീണ വിമാനത്തിലൊന്ന് പൂര്‍ണ്ണമായി കത്തി നശിച്ചു. വിമാന ഭാഗങ്ങള്‍ പതിച്ച ഭരത്പൂരും മൊറേനയും തമ്മില്‍ 90 കിലോമീറ്ററിനുള്ളിലാണ് ദൂരം ,വ്യോമ ദൂരം ഏഴുപതും. ഇതിനാലാണ് അപകടത്തിന് പിന്നാലെ രണ്ട് സ്ഥലങ്ങളിലായി അവശിഷ്ടങ്ങള്‍ പതിച്ചത്. അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് വ്യോമസേനയില്‍ നിന്ന് വിവരങ്ങള്‍ തേടി. സംയുക്ത സൈനിക മേധാവി, വ്യോമസേന മേധാവി അടക്കമുള്ളവര്‍ മന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു.