Sunday, April 28, 2024
keralaNewsObituary

ഇടുക്കിയില്‍ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ രണ്ട് അപകടങ്ങളിലായി വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു. ഇരുമ്പ് ഏണി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് കുമളി മുരുക്കടിയില്‍ രണ്ട് പേര്‍ മരിച്ചു. ടാങ്ക് വൃത്തിയാക്കാന്‍ ഉപയോഗിച്ച ഏണി മാറ്റി വയ്ക്കുന്നതിനിടെ വൈദ്യുത ലൈനില്‍ തട്ടുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചു വീണ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുമളി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വണ്ടിപ്പെരിയാറ്റില്‍ വഴിവിളക്ക് തെളിയിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. വണ്ടിപ്പെരിയാര്‍ മ്‌ളാമല ചാത്തനാട്ട് വീട്ടില്‍ സലി മോന്‍ (48) ആണ് മരിച്ചത്. ശബരിമല സീസണുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വഴിവിളക്ക് തെളിക്കാന്‍ കരാറെടുത്തയാളുടെ തൊഴിലാളിയാണ് സലിമോന്‍. വൈദ്യുതി പോസ്റ്റില്‍ ഏണി ചാരി കയറുന്നതിനിടയിലാണ് ഷോക്കേറ്റത്. വണ്ടിപ്പെരിയാര്‍ സെക്ഷന് കീഴില്‍ കറപ്പുപാലം ഭാഗത്ത് വഴി വിളക്കുകള്‍ തെളിയിക്കുന്ന ജോലികള്‍ക്കായി വൈദ്യുതി വിഛ്‌ഛേദിച്ചിരുന്നു. ഇവിടുത്തെ ജോലികള്‍ അവസാനിച്ച് വള്ളക്കടവ് കൊക്കക്കാട് ഭാഗത്ത് വൈദ്യുതി പോസ്റ്റിലെ ബള്‍ബ് മാറുന്നതിനായി സാലിമോനും കൂട്ടരും എത്തി. ഈ സമയം ലൈനില്‍ വൈദ്യുതി ഉണ്ടെന്നറിയാതെ ഏണിചാരി വെക്കുന്നതിടയില്‍ കമ്പിയില്‍ തട്ടി ഷോക്കേറ്റ് സാലി മോന്‍ താഴെ വീഴുകയായിരുന്നു.